യുവതിയുടെ ആത്മഹത്യ : എന്തുനീതിയാണ് നടപ്പാക്കുന്നത്?, സ്ത്രീകളോട് അപമര്യാദയായി പെരുമാറാനുള്ള എന്തു ലൈസന്‍സാണ് പൊലീസിനുള്ളത് ; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഭര്‍തൃവീട്ടുവാര്‍ക്കൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയെയും പിതാവിനെയും അപമാനിക്കുന്ന തരത്തില്‍ പൊലീസ് സംസാരിച്ചാണ് ആലുവയില്‍ മൊഫിയ ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇക്കാര്യം മൊഫിയയുടെ പിതാവാണ് പറഞ്ഞത്. കേരളത്തിലെ ഒരു പൊലീസ്റ്റേഷനിലും പ്രതിയായ പെണ്‍കുട്ടികള്‍ക്കു പോലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. വാദിയായി എത്തിയ പെണ്‍കുട്ടിയോട് ഏറ്റവും മോശമായ രീതിയിലാണ് പൊലീസ് പെരുമാറായതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

തെറ്റായ നടപടികളെടുക്കുന്ന ഉദ്യോഗസ്ഥരെ മുഴുവന്‍ സംരക്ഷിക്കേണ്ട എന്തു ബാധ്യതയാണ് മുഖ്യമന്ത്രിക്കുള്ളത്? എം.ജി സര്‍വകലാശാലയില്‍ പരസ്യമായി അപമാനിക്കപ്പെട്ട എ.ഐ.എസ്.എഫ് വനിതാ നേതാവിന് പോലും നീതി നിഷേധിക്കപ്പെട്ടു. പിന്നെ ആര്‍ക്കാണ് നീതി ലഭിക്കുന്നത്? പൊലീസിനെതിരെ വ്യാപകമായ പരാതികളാണുയരുന്നത്. പരാതി നല്‍കാനെത്തുന്ന പെണ്‍കുട്ടികള്‍ മോശക്കാരികളാണെന്ന മുന്‍വിധിയോടെയാണ് പൊലീസ് പെരുമാറുന്നത്. പൊലീസ് സ്റ്റേഷനില്‍ പോകാന്‍ പോലും പെണ്‍കുട്ടികള്‍ ഭയപ്പെടുകയാണ്. എന്തുനീതിയാണ് നടപ്പാക്കുന്നത്? സ്ത്രീകളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് പൊലീസുകാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണം.

എല്ലാവര്‍ക്കും അമ്മയും മക്കളും സഹോദരിമാരുമൊക്കെയുണ്ട്. അവരാണ് പൊലീസ് സ്റ്റേഷനുകളില്‍ അപമാനിക്കപ്പെടുന്നത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറാനുള്ള എന്തു ലൈസന്‍സാണ് പൊലീസിനുള്ളത്. പൊലീസിന്റെ ആത്മവീര്യം ചോരുമെന്നാണ് പറയുന്നതെങ്കില്‍ ഇങ്ങനെയൊരു ആത്മവീര്യത്തിന്റെ ആവശ്യം കേരളത്തിനില്ല. – പ്രതിപക്ഷ നേതാവ് പറഞ്ഞു.

Comments (0)
Add Comment