കെ സുധാകരന്‍ നേതൃത്വം കൊടുക്കുന്ന കെപിസിസിക്ക് കുത്തിത്തിരിപ്പുകളെ മറികടക്കാനുള്ള ശക്തിയുണ്ട് : പ്രതിപക്ഷ നേതാവ്

കണ്ണൂർ : കെ സുധാകരന്‍ നേതൃത്വം കൊടുക്കുന്ന കേരളത്തിലെ കെപിസിസിക്ക് കുത്തിത്തിരിപ്പുകളെ മറികടക്കാനുള്ള ശക്തിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.   പുനഃസംഘടനയുമായി ബന്ധപ്പെട്ട് വരുന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. സംഘര്‍ഷമോ ഭിന്നതയോ ഇല്ലാതെ പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും ചേര്‍ന്ന് കേന്ദ്ര നേതൃത്വം ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം ഭംഗിയായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ ഒരു ഗ്രൂപ്പ് ഫോര്‍മേഷനും ഉണ്ടാകില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഒരു കാര്യം ഉറപ്പ് പറയുന്നു. കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ പേരില്‍ ഒരു ഗ്രൂപ്പും ഉണ്ടാകില്ല. ഏതെങ്കിലും ഗ്രൂപ്പിന്‍റെ ഭാഗമാകേണ്ട സാഹചര്യം വന്നാല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരു സ്ഥാനങ്ങളിലും ഉണ്ടാകില്ല. മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഗ്രൂപ്പ് ഉണ്ടെന്ന് പറഞ്ഞ് വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. എല്ലാ വാര്‍ത്തകളും വരുന്നത് ഒരേ കേന്ദ്രത്തില്‍ നിന്നാണ്. മനപൂര്‍വമായി കോണ്‍ഗ്രസിലെ സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാനുള്ള വെറും കുത്തിത്തിരുപ്പുകളാണ് ഈ വാര്‍ത്തകളെല്ലാമെന്നും വിഡി സതീശന്‍ പറഞ്ഞു.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് സുചിന്തിതമായ തീരുമനങ്ങള്‍ എത്രയും പെട്ടന്ന് സ്വീകരിക്കും. തിരുവനന്തപുരത്ത് തിരിച്ചെത്തിയാലുടന്‍ കെപിസിസി പ്രസിഡന്‍റുമായുള്ള ചര്‍ച്ച തുടരും. രണ്ടു ദിവസത്തിനുള്ളില്‍ ചര്‍ച്ച പൂര്‍ത്തിയാക്കി ദേശീയ നേതൃത്വത്തിന്‍റെ അനുമതിയോടെ ഭാരവാഹികളെ പ്രഖ്യാപിക്കും. വാര്‍ത്തകളെല്ലാം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുണ്ട്. അവിടെ ആര്‍ക്കും ഏകാധിപത്യമില്ല.  കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി ചില പണിയില്ലാത്ത ആളുകള്‍ ഉണ്ടാക്കുന്നതാണ് ഈ ഊഹാപോഹങ്ങളെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Comments (0)
Add Comment