വിഡി സതീശന്‍ ഉമ്മന്‍ ചാണ്ടിയെ സന്ദർശിച്ചു ; പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും പാർട്ടിയാണ് വലുതെന്നും നേതാക്കള്‍

Sunday, September 5, 2021

കോട്ടയം :  പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉമ്മന്‍ ചാണ്ടിയും കൂടിക്കാഴ്ച്ച നടത്തി. കോണ്‍ഗ്രസിലെ എല്ലാ പ്രശ്നങ്ങളും ഉടന്‍ പരിഹരിക്കുമെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം സതീശന്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുതിർന്ന നേതാക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അതിന്‍റെ ചുമതല തനിക്കും കെപിസിസി അധ്യക്ഷനുമുണ്ട്. ഏത് സമയത്തും വന്ന് കാണാവുന്ന ആളാണ് ഉമ്മൻ ചാണ്ടി. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. ചർച്ചകൾ തുടരും.  രമേശ് ചെന്നിത്തലയുമായുള്ള ചർച്ച ഉണ്ടാകുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കുക തന്നെ വേണം. കോണ്‍ഗ്രസില്‍ പ്രശ്നമുണ്ടെന്നത് സത്യം തന്നെയാണ്. കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയില്ലല്ലോ. അത് പരിഹരിക്കുക തന്നെ വേണം. എല്ലാ മുതിർന്ന നേതാക്കളെയും കാണും. ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയേണ്ടത് എൽ.ഡി.എഫിനോടും ബി.ജെ.പിയോടുമാണ്. എല്ലാ കാര്യങ്ങൾക്കും മറുപടി പറഞ്ഞ് പ്രശ്നം വളഷാക്കണ്ട ആളല്ല താനെന്നും വിഡി സതീശന്‍ പറഞ്ഞു.

പ്രശ്നങ്ങള്‍ ചർച്ച ചെയ്ത് പരിഹരിക്കണമെന്ന സതീശന്‍റെ അഭിപ്രായത്തോട് യോജിപ്പാണെന്നും ചർച്ചയോട് സഹകരിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കോൺഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കൻഡ് എന്നതാണ് മുദ്രാവാക്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.