ഓൺലൈൻ ക്ലാസുകളുടെ ഫലപ്രാപ്തി വിലയിരുത്താൻ എസ്എസ്എൽസി ഫലം അധ്യാപകരും സ്കൂൾ അധികൃതരും പരിശോധിക്കണം : പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, July 14, 2021

എസ്എസ്എൽ സി  പരീക്ഷാ വിജയികൾക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചും പരാജിതർക്ക് അതിജീവനത്തിനുളള  ആശംസകൾ നേർന്നും പ്രതിപക്ഷ നേതാവ് അഡ്വ.വി ഡി സതീശൻ. ഓൺലൈൻ ക്ലാസുകളുടെ ഫലപ്രാപ്തി വിലയിരുത്താൻ വിജയം സ്ക്കൂൾ അധികൃതരും അധ്യാപകരും കൂടുതൽ വിലയിരുത്തൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിജയി കൾക്ക് ആശംസകൾ നേർന്നത്.

എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയം നേടിയ എല്ലാ കുഞ്ഞു മക്കൾക്കും അഭിനന്ദനങ്ങൾ. ഒരു വലിയ പ്രതിസന്ധി കാലഘട്ടത്തിൽ നേടിയ ഈ വിജയം ഏറെ തിളക്കമുള്ളതാണ്. പരിചിതമല്ലാത്ത ഓൺലൈൻ ക്ളാസുകളും ഭീതി തോന്നുന്ന അന്തരീക്ഷത്തിൽ നടന്ന പരീക്ഷകളുമൊക്കെ കുട്ടികളെ ഏറെ മാനസിക സംഘർഷത്തിലാക്കിയ സമയത്താണ് പരീക്ഷ നടന്നത്. കോവിഡ് ബാധിതരായ ഒട്ടേറെ കുട്ടികൾ പി.പി.ഇ. കിറ്റ് ധരിച്ചു പരീക്ഷ എഴുതുന്ന വാർത്തകൾ നാം കണ്ടതാണ്.
ഈ പരീക്ഷയുടെ ഫലം സർക്കാരും സ്‌കൂൾ അധികൃതരും അധ്യാപകരും എല്ലാം കൂടുതൽ പരിശോധനകൾക്കു വിധേയമാക്കണം. ഓൺലൈൻ ക്ലാസുകളുടെ ഫലപ്രാപ്തി എത്രത്തോളമുണ്ടെന്നു വിലയിരുത്താൻ അത് സഹായിക്കും. പരാജയപ്പെട്ട അര ശതമാനം കുട്ടികൾക്ക് ഈ സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയട്ടെ!!