പരിശുദ്ധ കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അനുശോചിച്ചു

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭാചരിത്രത്തില്‍ പരുമല തിരുമേനിക്കു ശേഷം മെത്രാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ റമ്പാനായിരുന്ന മാര്‍ പൗലോസ് ദ്വിതിയന്‍, വിശ്വാസികള്‍ക്കൊപ്പം സാധാരണക്കാരനായി ജീവിച്ച വ്യക്തിത്വമായിരുന്നു. സാമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കും രോഗികള്‍ക്കും വേണ്ടി നിരവധി പദ്ധതികളാണ് അദ്ദേഹം സഭാതലത്തില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. നൂറുകോടിയിലേറെ രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പരുമല കാന്‍സര്‍ സെന്റര്‍ ഇതിന് ഉദാഹരണമാണ്. നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ‘സ്‌നേഹസ്പര്‍ശ’വും പദ്ധതിക്കും ഇദ്ദേഹം തുടക്കമിട്ടിരുന്നു.

സ്ത്രീകളെ സഭാഭരണത്തിലേക്ക് എത്തിക്കാനുള്ള ചരിത്രപരമായി തീരുമാനം കൈക്കൊണ്ടതും പൗലോസ് ദ്വിതീയന്‍ ബാവയാണ്. 2011-ല്‍ ഇടവകകളില്‍ പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും വോട്ടവകാശം ഏര്‍പ്പെടുത്തിയാണ് ബാവ മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചത്. മദ്യം, ലഹരിമരുന്ന് എന്നിവയ്ക്ക് എതിരെയും ശക്തമായ പ്രചാരണം ബാവ നടത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്കിടയില്‍ നിന്നും സഭയുടെ അത്യുന്നത പദവിയില്‍ എത്തി സാധാരണക്കാര്‍ക്കൊപ്പം ജീവിച്ച പൗലോസ് ദ്വിതീയന്‍ ബാവയുടെ നിര്യാണം മലങ്കര സഭയ്ക്കു മാത്രമല്ല കേരളത്തിനൊന്നാകെ തീരാനഷ്ടമാണ്.

Comments (0)
Add Comment