പകല്‍ ബിജെപി വിരുദ്ധതയും രാത്രിയാകുമ്പോള്‍ സംഘപരിവാറുമായി സന്ധിയുമാണ് സിപിഎം നിലപാട് : പ്രതിപക്ഷ നേതാവ്


ഗുജറാത്ത് മോഡല്‍ പഠിക്കാനായി  ചീഫ് സെക്രട്ടറിയെ ചീഫ് സെക്രട്ടറിയെ അയയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.  ഗുജറാത്തില്‍ നടക്കുന്നതു സദ്ഭരണമാണെന്നാണു മുഖ്യമന്ത്രി കണ്ടെത്തിയിരിക്കുന്നത്. അതിനെക്കുറിച്ചു പഠിക്കാനായി ചീഫ് സെക്രട്ടറിയെത്തന്നെ അയയ്ക്കുകയും ചെയ്തു. ഗുജറാത്തിലേക്കയയ്ക്കുന്ന പിണറായി വിജയന്‍ ഇനി എന്നാണു നേരന്ദ്ര മോദിയുടെ സദ്ഭരണത്തെക്കുറിച്ചു പഠിക്കാന്‍ ഡല്‍ഹിയിലെത്തുന്നതെന്നാണ് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പകല്‍ ബിജെപി വിരുദ്ധത പറയുകയും രാത്രിയാകുമ്പോള്‍ ബിജെപിയുമായും സംഘപരിവാറുമായും സന്ധി ചെയ്യുകയും ചെയ്യുന്ന നിലപാടാണ് സിപിഎമ്മിന്‍റേത്. കണ്ണൂരില്‍ നടത്തിയതു പാര്‍ട്ടി കോണ്‍ഗ്രസല്ല, കോണ്‍ഗ്രസ് വിരുദ്ധ സമ്മേളനമാണ്. കോണ്‍ഗ്രസിനെ തകര്‍ത്തു ബിജെപിയെ സഹായിക്കുകയെന്ന ലൈനാണ് അവരുടേത്. ഗുജറാത്ത് സര്‍ക്കാരുമായി ബന്ധമുണ്ടാക്കാനാണു മുഖ്യമന്ത്രിയുടെ ശ്രമമെന്നും സതീശന്‍ പറഞ്ഞു.

സില്‍വര്‍ലൈന്‍ സമരക്കാര്‍ തല്ലുകൊള്ളാതെ സൂക്ഷിക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. സമരക്കാരെ സിപിഎം ഗുണ്ടകളെ വിട്ടാണ് ആക്രമിക്കുന്നത്. ഗുണ്ടാത്തലവന്മാര്‍ സംസാരിക്കുന്ന ഭാഷയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി ഞങ്ങളെ ഭീഷണിപ്പെടുത്താന്‍ വരേണ്ട. ‌പോലീസിനെയും ഗുണ്ടകളെയും വിട്ട് സമരക്കാരെ ആക്രമിക്കലാണു നന്ദിഗ്രാമിലും സിപിഎം ചെയ്തത്.

പോലീസിനെ വിട്ടു സമരക്കാരെ തല്ലിച്ചതച്ചിട്ടും മതിവരാതെയാണു കേരളത്തിലും ഗുണ്ടകളെ അയയ്ക്കുന്നത്. സില്‍വര്‍ലൈനിനെതിരെ ബിജെപിക്കാര്‍ സമരം ചെയ്യുന്നതെന്തിനെന്നു മനസ്സിലാകുന്നില്ല. ഈ പദ്ധതിക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയെക്കൊണ്ടു പ്രസ്താവന ഇറക്കാനായാല്‍ ബിജെപിക്കാര്‍ക്കു പിന്നെ സമരത്തിന്‍റെ പോലും ആവശ്യമില്ലല്ലോ. എന്തിനാണ് ബിജെപിക്കാര്‍ വെറുതെ വെയിലുകൊള്ളുന്നത്?. അവരുടെ സമരം പ്രഹസനമാണെന്നും വി.ഡി.സതീശൻ പറഞ്ഞു.

 

Comments (0)
Add Comment