സർക്കാരിന് ധാര്‍ഷ്ഠ്യവും ധിക്കാരവും ; പിഎസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം ; വണ്ടിപ്പെരിയാറിൽ വാളയാർ ആവർത്തിക്കരുത് : പ്രതിപക്ഷ നേതാവ്

Jaihind Webdesk
Thursday, July 22, 2021

തിരുവനന്തപുരം: ധാര്‍ഷ്ഠ്യവും ധിക്കാരവും കാണിച്ച് അനുകൂല ജനവിധി എന്തും ചെയ്യാനുള്ള ലൈസന്‍സെന്ന നിലയിലാണ് സര്‍ക്കാര്‍ കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്ത്രീ സുരക്ഷാ വിഷയത്തില്‍ ഈ സര്‍ക്കാര്‍ എന്ത് നിലപാടാണ് സ്വീകരിച്ചത്? വാളയാറിലെ കറുത്ത പാടുകള്‍ ഈ സര്‍ക്കാരിന്റെ മുഖത്ത് ഇപ്പോഴുമുണ്ട്. വനിതാ കമ്മിഷന്റെ വിശ്വാസ്യതയെ പോലും തകര്‍ത്ത് തരിപ്പണമാക്കി. ഏറ്റവും വലിയ മരംകൊള്ള സംബന്ധിച്ച വിവരങ്ങള്‍ വിവാരാവകാശ നിയമ പ്രകാരം നല്‍കിയ വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയെടുത്തു. നിയമസഭയില്‍ ധനാഭ്യര്‍ഥനയെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ യു.ഡി.എഫില്‍ ഒരേ അഭിപ്രായമാണുള്ളത്. എന്നാല്‍ എല്‍.ഡി.എഫില്‍ അങ്ങനെ ആയിരുന്നില്ല. അപ്പീല്‍ പോകണമെന്ന് ഐ.എന്‍.എല്‍ ആവശ്യപ്പെട്ടപ്പോള്‍ കോടതി വിധി നടപ്പാക്കണമെന്നാണ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. സി.പി.എമ്മിനും സി.പി.ഐക്കും അഭിപ്രായം പോലുമില്ലായിരുന്നു. സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷം ഭാഗീകമായി സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഭാഗികമായി എന്ന വാക്ക് ഒഴിവാക്കിയാണ് ചിലര്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചത്. ഞാന്‍ മൂന്ന് പ്രവശ്യം സംസാരിച്ചപ്പോഴും ഒരേ അഭിപ്രായമാണ് പറഞ്ഞത്. ഇക്കാര്യത്തില്‍ ഒരിക്കലും മാറ്റി പറഞ്ഞിട്ടില്ല. വിഷയത്തില്‍ നല്ല വ്യക്തതയുള്ളതിനാല്‍ മാറ്റപ്പറയാന്‍ ഉദ്ദേശിക്കുന്നില്ല.

ജനപ്രതിനിധികള്‍ എന്ന നിലയില്‍ നമുക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. സ്‌കോളര്‍ഷിനെ സമുദായങ്ങള്‍ തമ്മിലടിക്കാനുള്ള വഴിയാക്കി മാറ്റരുത്. സച്ചാര്‍ പാലൊളി കമ്മിറ്റികള്‍ ഒരേ ശുപാര്‍ശകളാണ് നല്‍കിയിരിക്കുന്നത്. അതുകൂടി പ്രത്യേക സ്‌കീം ആയി നടപ്പാക്കണം. ഇത് വലിയ തുക സ്‌കോളര്‍ഷിപ്പായി ലഭിക്കുന്ന സ്‌കീം അല്ല. ഏറ്റവും വലിയ തുക ലഭിക്കുന്ന 17000 പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ സര്‍ക്കാര്‍ സംസ്ഥാനത്തിന് നഷ്ടമാക്കി. ഈ സ്‌കോളര്‍ഷിപ്പ് ഒരിക്കല്‍ നടപ്പാക്കിയില്ലെങ്കില്‍ പിന്നീട് മറ്റൊരു സംസ്ഥാനത്തിന് ലഭിക്കും. കേരളത്തിന്റെ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് ഇപ്പോള്‍ യു.പിക്കാണ് ലഭിച്ചിരിക്കുന്നത്. അതിനാല്‍ ചെറിയ തുക കിട്ടുന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിന്റെ പേരില്‍ സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

മരംമുറി സംബന്ധിച്ച വിവരാവകാശ രേഖകള്‍ പുറത്തുവന്നതോടെ ചിലര്‍ പ്രതിക്കൂട്ടിലായി. ഇതേത്തുടര്‍ന്നാണ് രേഖകള്‍ പുറത്തുവിട്ട വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതികാര നടപടി സ്വീകരിച്ചത്. ആദ്യം അവധിയില്‍ പോകാന്‍ പറഞ്ഞു. പിന്നീട് ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കി. ഗുഡ് സര്‍വീസ് എന്‍ട്രി പിന്‍വലിക്കാന്‍ എന്ത് നിയമമാണ് നിലവിലുള്ളത്? എന്നിട്ടും അരിശം തീരാതെ അവധിയിലുള്ള ഉദ്യോഗസ്ഥയെ സെക്രട്ടേറിയറ്റിന് പുറത്തേക്ക് സ്ഥലം മാറ്റി. ആരോടാണ് നിങ്ങള്‍ ഈ അരിശം കാണിക്കുന്നത്? – പ്രതിപക്ഷ നേതാവ് ചോദിച്ചു. സ്ത്രീപീഡന കേസുകള്‍ പൂഴ്ത്തിവയ്ക്കാന്‍ പൊലീസ് സ്റ്റേഷനുകളില്‍ കോള്‍ഡ് സ്‌റ്റോറേജ് ആരംഭിക്കേണ്ട ഗതികേടാണ് നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. വണ്ടിപ്പെരിയാര്‍ പീഡന കേസിലെങ്കിലും വാളയാര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തയാറാകണം.

സംസ്ഥാനത്ത് ക്രിമിനലുകള്‍ കൊടികുത്തി വാഴുകയാണ്. ടി.പി വധക്കേസിലെ പ്രതികള്‍ ജയിലിലിരുന്ന് പുറത്തെ ക്രിമിനല്‍ സംഘങ്ങളെ ഉപയോഗിച്ച് കേരളത്തെ നിയന്ത്രിക്കുകയാണ്. നിങ്ങള്‍ക്ക് ഈ കൊടും ക്രിമിനലുകളായ കൊലപ്പുള്ളികളെ നിയന്ത്രിക്കാനാകില്ല. കാരണം നിങ്ങള്‍ക്ക് അവരെ പേടിയാണ്. നിങ്ങള്‍ അവരെ ഉപയോഗിച്ച് കൊലപാതകങ്ങള്‍ നടത്തി. അവരെ എതിര്‍ത്താല്‍ അവര്‍ നിങ്ങള്‍ക്കെതിരെ തിരിയും. മുട്ടില്‍ മരം കൊള്ള എത്ര ലാഘവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. എന്ത് കൊള്ളയും നടത്താമെന്ന സ്ഥിതിയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.

നിയമസഭാ കൈയ്യാങ്കളി കേസില്‍ സുപ്രീം കോടതിയുടെ വായില്‍ ഇരിക്കുന്നതു മുഴുവന്‍ കേട്ടു. കെ.എം മാണി അഴിമതിക്കാരനാണെന്ന് ആദ്യം പറഞ്ഞു. പിന്നീട് കെ.എം മാണിയല്ല, അന്നത്തെ സര്‍ക്കാരായിരുന്നു കുഴപ്പമെന്നു പറഞ്ഞു. കെ.എം മാണിക്ക് പകരം ഉമ്മന്‍ ചാണ്ടി ബജറ്റ് അവരിപ്പിച്ചാല്‍ കുഴപ്പമില്ലെന്നു അന്ന് പറഞ്ഞവരമാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ മാറ്റിപ്പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

കോവിഡ് എന്ന് പറയുന്നത് തന്നെ സര്‍ക്കാരിന് ഇപ്പോള്‍ ഇഷ്ടമല്ല. ലോകത്ത് കോവിഡ് കുറവുള്ള സംസ്ഥാനമാണെന്നാണ് ആദ്യം പറഞ്ഞത്. ഇപ്പോള്‍ അങ്ങനെയാണോ? പിന്നീട് ടി.പി.ആര്‍ നിരക്ക് കുറവാണെന്നു പറയുന്നു. ഇപ്പോള്‍ മരണനിരക്ക് ഏറ്റവും കുറവെന്നാണ് പറയുന്നത്. അത് ശരിയാണോ? ഇതുവരെ യഥാര്‍ത്ഥ മരണക്കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടോ? ഡിസംബര്‍ മുതല്‍ ജൂലൈ വരെ മരിച്ചവരുടെ പേര് എന്തിനാണ് ഒളിച്ചുവച്ചത്? ഇതില്‍ ദുരഭിമാനത്തിന്റെ പ്രശ്‌നമില്ല. ആളുകള്‍ മരിക്കുന്നതിനു കാരണം സര്‍ക്കാര്‍ ആണെന്ന് പ്രതിപക്ഷം പറയില്ല. കോവിഡിനെ കുറിച്ച് പറയുമ്പോള്‍ പോളണ്ടിനെ കുറിച്ച് പറയരുതെന്ന നിലപാടിലാണ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

സംസ്ഥാനത്ത് 493 റാങ്ക് ലിസ്റ്റുകള്‍ ഓഗസ്റ്റ് നാലിന് റദ്ദാകും. പകരം ഒരു റാങ്ക് ലിസ്റ്റുകളും നിലവിലില്ല. കഴിഞ്ഞ നാലു മാസത്തിനിടെ നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്നും ഏതെങ്കിലും അപ്പോയിന്‍മെന്റ് നടന്നിട്ടുണ്ടോ? റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി ഇന്ന് പറഞ്ഞത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ നിരാശരാക്കി. പുതിയ റാങ്ക് ലിസ്റ്റ് വരുന്നത് വരെ പഴയത് നീട്ടുന്നതില്‍ നിയമപരമായോ സാങ്കേതികമായോ ഒരു തടസവുമില്ല. സര്‍ക്കാര്‍ അതിന് തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.