കൊച്ചി : സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയെ രക്ഷിക്കാനായി സ്ക്രിപ്റ്റ് തയാറാക്കി പോലീസിന്‍റെ സഹായത്തോടെ പ്രതിയെ ഉപയോഗപ്പെടുത്തി എന്നത് ഗുരുതരമായ വെളിപ്പെടുത്തലാണ്. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വർണ്ണക്കടത്ത് നടത്തുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിവുണ്ടായിരുന്നു എന്നതാണ് വ്യക്തമായത്. ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് എത്രത്തോളം അധഃപതിക്കാം എന്നതിനുദാഹരണമാണിത്. മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന തരത്തിൽ സ്വപ്‌നയുടെ പേരിൽ വന്ന സന്ദേശം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി. മുഖ്യമന്ത്രി നിരപരാധിയാണെന്ന് വരുത്തിത്തീർക്കാൻ പോലീസിനെ ഉപയോഗപ്പെടുത്തി പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ സ്‌ക്രിപ്റ്റ് തയാറാക്കി പ്രതിയെക്കൊണ്ട് വായിപ്പിക്കുകയായിരുന്നു. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. മൂടിവെക്കപ്പെട്ട സത്യങ്ങൾ ഒന്നൊന്നായി പുറത്തുവരികയാണ്.
ലൈഫ് മിഷനിൽ കോടികളുടെ അഴിമതി നടന്നു എന്നത് വീണ്ടും വ്യക്തമായിരിക്കുകയാണ്. ലോക്കറിലുണ്ടായിരുന്ന പണം ലൈഫ് മിഷനിലെ കൈക്കൂലിയാണെന്ന് തെളിഞ്ഞതായും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
https://www.facebook.com/JaihindNewsChannel/videos/915514972482934