ധനപ്രതിസന്ധി മറച്ചുവെച്ചുള്ള നികുതിക്കൊള്ള; സാധാരണക്കാരുടെ നടുവൊടിക്കുന്ന ബജറ്റെന്ന് പ്രതിപക്ഷ നേതാവ്: സമരത്തിനൊരുങ്ങി യുഡിഎഫ്

Jaihind Webdesk
Friday, February 3, 2023

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ യഥാര്‍ത്ഥ ധനപ്രതിസന്ധി മറച്ചുവെച്ച് നികുതിക്കൊള്ള നടത്തുന്ന ബജറ്റാണ് ധനമന്ത്രി കെ.എം ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു നിയന്ത്രണവും ഇല്ലാത്ത അശാസ്ത്രീയമായ നികുതി വര്‍ധനവാണ് എല്ലാ മേഖലകളിലും അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഇന്ധനവില കുതിച്ചുയരുന്നതിനിടെയാണ് പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയത്. മദ്യവില നിയന്ത്രണാതീതമായി വർധിപ്പിക്കുന്നത് മയക്കുമരുന്ന് ഉപഭോഗത്തിലേക്ക് തള്ളിവിടുകയും കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുകയും ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സാധാരണക്കാരന്‍റെയും പാവപ്പെട്ടവരുടെയും തലയില്‍ അധികഭാരം അടിച്ചേല്‍പ്പിച്ചുള്ള നികുതി കൊള്ളയ്‌ക്കെതിരെ യുഡിഎഫ് പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് പറഞ്ഞത്:

സംസ്ഥാനത്തിന്‍റെ യഥാര്‍ത്ഥ ധനപ്രതിസന്ധി മറച്ചുവച്ച് നികുതിക്കൊള്ള നടത്തുന്ന ബജറ്റാണ് ധനമന്ത്രി കെ.എം ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ഒരു നിയന്ത്രണവും ഇല്ലാത്ത അശാസ്ത്രീയമായ നികുതി വര്‍ധനവാണ് എല്ലാ മേഖലകളിലും അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഇന്ധന വില കുതിച്ചുയരുന്നതിനിടയിലാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ മദ്യത്തിന് 251 ശതമാനമാണ് നികുതി. എന്നിട്ടും മദ്യവില കൂട്ടി. ഒരു നിയന്ത്രണവും ഇല്ലാതെ മദ്യവില കൂട്ടുന്നത് മയക്കുമരുന്ന് ഉപഭോഗത്തിലേക്ക് തള്ളിവിടുകയും കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുകയും ചെയ്യും.

യാഥാര്‍ത്ഥ്യ ബോധത്തില്‍ നിന്നും അകലുന്ന ബജറ്റ് നിര്‍ദ്ദേശങ്ങളെ അംഗീകരിക്കാനാകില്ല. ആറ് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ നികുതി കൊള്ളയാണ് ഈ ബജറ്റിലുണ്ടായിരിക്കുന്നത്. 3000 കോടിയുടെ നികുതിക്ക് പുറമെ കെട്ടിട നികുതിയായി 1000 കോടി പിരിച്ചെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതോടെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന നികുതിഭാരം 4000 കോടി രൂപയാകും. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയിലും ജനജീവിതത്തിലും ദുരിതം അടിച്ചേല്‍പ്പിക്കുന്ന അശാസ്ത്രീയ നികുതികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാക്കണം. സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും തലയില്‍ അധികഭാരം അടിച്ചേല്‍പ്പിച്ചുള്ള നികുതി കൊള്ളയ്‌ക്കെതിരെ യു.ഡി.എഫ് പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കുകയാണ്.

സംസ്ഥാനത്തിന്റെ വരുമാനം ഗണ്യമായി കുറയുകയാണ്. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടനുസരിച്ച് 19 സംസ്ഥാനങ്ങളില്‍ 5 വര്‍ഷത്തിനിടെ നികുതി പിരിവ് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ദേശീയ തലത്തില്‍ 6 മുതല്‍ 10 ശതമാനം വരെ നികുതി വര്‍ധനവുണ്ടായപ്പോള്‍ കേരളത്തില്‍ അത് 2 ശതമാനത്തിലൊതുങ്ങി. നികുതി പിരിവ് ദയനീയമായി പരാജയപ്പെട്ടു.

കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്ക് വേണ്ടി ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. എന്നിട്ടും അതേ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നതനുസരിച്ച് മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച 7500 കോടിയുടെ വയനാട്, 12000 കോടിയുടെ ഇടുക്കി, 2500 കോടിയുടെ കുട്ടനാട്, 5000 കോടിയുടെ തീരദേശ പാക്കേജുകളൊക്കെ എവിടെപ്പായി? ഈ ബജറ്റില്‍ അത് 75 കോടിയുടെ ഇടുക്കി പാക്കേജും 25 കോടിയുടെ വയനാട് പാക്കേജുമായി മാറി. പാക്കേജുകളൊന്നും പ്രഖ്യാപിച്ചതല്ലാതെ ഒരു കാലത്തും നടന്നിട്ടില്ല. ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കൊന്നും വിശ്വാസ്യതയില്ലാതായി മാറിയിരിക്കുകയാണ്.

കിഫ്ബിയുടെ പ്രസക്തി പൂര്‍ണമായും ഇല്ലാതായി. ബജറ്റിന് പുറത്ത്, വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും വായ്പകള്‍ വാങ്ങി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് കിഫ്ബി രൂപീകരിച്ചത്. കിഫ്ബി തുടങ്ങിയ കാലത്ത് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയതു പോലെ ഇപ്പോഴത് ബജറ്റിന് അകത്തേക്ക് വന്നിരിക്കുകയാണ്. സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ലിമിറ്റഡും പ്രസക്തിയില്ലാത്ത കമ്പനിയായി മാറി. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വര്‍ധിപ്പിക്കാതെയാണ് 1200 കോടിയുടെ നികുതി അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. രൂക്ഷമായ വിലക്കയറ്റം നിലനില്‍ക്കുമ്പോഴും അതിനെ നേരിടാന്‍ കഴിഞ്ഞ തവണത്തേക്കാള്‍ കുറവ് തുകയാണ് വകയിരുത്തിയിരിക്കുന്നത്. 9 ലക്ഷം പേരാണ് ലൈഫ് മിഷന്‍ പട്ടികയിലുള്ളത്. എന്നിട്ടും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ് തുകയാണ് നീക്കിവച്ചിരിക്കുന്നത്.

റബര്‍ കര്‍ഷകര്‍ ദുരിതം അനുഭവിക്കുമ്പോഴും അവര്‍ക്കുള്ള ഒരു സഹായവുമില്ല. മിനിമം വില 250 രൂപയായി വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല. വനം വന്യജീവി ആക്രമണം നേരിടാനും നഷ്ടപരിഹാരം നല്‍കാനുമുള്ള തുക വകയിരുത്തിയിട്ടില്ല.

വിമാന നിരക്ക് കേന്ദ്രവും സംസ്ഥാനവും ഇടപെടുന്നതിന് പകരം ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തുമെന്നത് നടക്കാത്ത പദ്ധതിയാണ്. തീരദേശ, ആദിവാസി, കാര്‍ഷിക മേഖലകള്‍ ഉള്‍പ്പെടെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനപഥങ്ങളെ ബജറ്റ് പൂര്‍ണമായും അവഗണിച്ചു. ഉന്നത വിദ്യാഭ്യാസവും തൊഴില്‍ രംഗവും മെച്ചപ്പെടുത്തി രാജ്യം വിടുന്ന ചെറുപ്പക്കാരെ പിടിച്ച് നിര്‍ത്താനുള്ള ഒരു പദ്ധതിയുമില്ല.

കിഫ്ബിക്ക് വേണ്ടിയാണ് മോട്ടോര്‍ വാഹനങ്ങളെ കൊള്ളയടിക്കുന്ന നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബൈക്കുകാരെ പോലും വെറുതെ വിട്ടില്ല. വൈദ്യുതി ബോര്‍ഡ് ലാഭത്താലാണെന്ന് പറയുമ്പോഴാണ് വൈദ്യുതിചാര്‍ജ് വര്‍ധിപ്പിച്ചത്. ഭൂമിയുടെ ന്യായവില 20 ശതമാനമാണ് കൂട്ടിയത്. ശാസ്ത്രീയമോ നീതിയുക്തമോ ആയ നികുതി വര്‍ധനയല്ല ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സാമൂഹികക്ഷേമ പരിപാടികള്‍ നടപ്പാക്കി ബദല്‍ നയമാണ് നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അഞ്ച് വര്‍ഷത്തിനിടെ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് വേണ്ടി ഏറ്റവും കുറവ് പണം നീക്കിവച്ച സംസ്ഥാനമാണ് കേരളമെന്നാണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത പ്രഖ്യാപനങ്ങളാണ്.

വര്‍ക്ക് നിയര്‍ ഹോം, ഗ്രഫീന്‍, റിംഗ് റോഡ്, ജല പാത ഉള്‍പ്പെടെയുള്ള പദ്ധതികളൊക്കെ കഴിഞ്ഞ ബജറ്റിലും പ്രഖ്യാപിച്ചതാണ്. ഇതൊക്കെ എവിടെ വരെ എത്തിയെന്ന് വ്യക്തമാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. സാമ്പത്തിക പ്രതിസന്ധി വളരെ രൂക്ഷമാണ്. നാല് ലക്ഷം കോടിരൂപയാണ് സംസ്ഥാനത്തിന്റെ പൊതുകടം. ജി.എസ്.ഡി.പിയുടെ 39.1 ശതമാനമാണ് കടം. മറ്റു സംസ്ഥാനങ്ങളില്‍ ഇത് 30 ശതമാനത്തില്‍ താഴെയാണ്. ആളോഹരി കടവും വര്‍ധിച്ചിരിക്കുകയാണ്. എന്നിട്ടും ചെലവ് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. നികുതി ഭരണ സംവിധാനം ദയനീയമായി പരാജയപ്പെട്ടു. പതിനായിരക്കണക്കിന് കോടി രൂപയാണ് നികുതിയായി പരിച്ചെടുക്കാനുള്ളത്.