‘ആർഎസ്എസിന്‍റേത് വിചിത്രമായ നോട്ടീസ്; അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു’: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, July 9, 2022

കൊച്ചി: ഗോൾവാൾക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്സിലെ’ വാക്കുകള്‍ സംബന്ധിച്ച് താന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ആര്‍ എസ്എസ്അയച്ച നോട്ടീസ് അയച്ചത് വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരെ പേടിപ്പിക്കാനാണ് നോട്ടീസെന്നും ഭീഷണി അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

“ആർഎസ്എസിന്‍റേത് വിചിത്രമായ നോട്ടീസാണ്. നോട്ടീസിനെ നിയമപരമായി നേരിടും. വിചാരധാരയിലെ വരികളും സജി ചെറിയാന്‍റെ വാക്കുകളും തമ്മിൽ എന്താണ് വ്യത്യാസം” – വി.ഡി സതീശന്‍ ചോദിച്ചു.

ഭരണഘടനയെ അവഹേളിച്ച് സജി ചെറിയാന്‍ നടത്തിയ പ്രസംഗത്തിലെ വാചകങ്ങൾ ഗോള്‍വാള്‍ക്കറിന്‍റെ ബെഞ്ച് ഓഫ് തോട്ട്സിലേതാണെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയ്ക്കെതിരെയാണ് ആര്‍എസ്എസ് നോട്ടീസ് അയച്ചത്. 24 മണിക്കൂറിനുള്ളിൽ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമനടപടി തുടങ്ങുമെന്നാണ് ആർഎസ്എസ് നോട്ടീസിലുള്ളത്.