ബിജെപി-സിപിഎം അജണ്ട ഒന്നുചേരുന്നിടത്തെ ഗവർണർ-സർക്കാർ വ്യാജ ഏറ്റുമുട്ടല്‍; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എഴുതുന്നു

Jaihind Webdesk
Saturday, November 12, 2022

 

ഗവര്‍ണര്‍ പദവിയെന്നത് അധികാരത്തേക്കാള്‍ ഉത്തരവാദിത്തം നിക്ഷിപ്തമാക്കപ്പെട്ടിരിക്കുന്ന ഭരണഘടനാ സ്ഥാനമാണ്. ഭരണഘടനയിലും കീഴ് വഴക്കങ്ങളിലും ഒതുങ്ങി നിന്ന് പ്രവര്‍ത്തിക്കേണ്ട പദവി. പക്ഷെ അതാണോ കേരളത്തില്‍ നടക്കുന്നത്? പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും സുപ്രധാന സ്ഥാനവും ആ സ്ഥാനം പ്രദാനം ചെയ്യുന്ന അവകാശ അധികാരങ്ങളുമുണ്ട്. അതിന് ഒപ്പമോ മുകളിലോ അല്ല ഗവര്‍ണര്‍. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുകയെന്നത് ബിജെപി തന്ത്രമാണ്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന സംഘപരിവാര്‍ ലക്ഷ്യത്തിനൊപ്പം കേരളത്തില്‍ യുഡിഎഫിനെ ഇല്ലാതാക്കുകയെന്ന സിപിഎം അജണ്ടയും ഒന്നു ചേരുന്നിടത്താണ് ഗവര്‍ണര്‍-സര്‍ക്കാര്‍ വ്യാജ ഏറ്റുമുട്ടലിനെ നോക്കിക്കാണേണ്ടത്.

സര്‍വകലാശാലകളിലെ ചട്ടവിരുദ്ധമായ നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ വാക്‌പോര് തുടരുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മാതൃകാപരമായ സംഭാവനകള്‍ നല്‍കേണ്ട സര്‍വകലാശാലകളിലാകട്ടെ ഭരണക്കാരുടെ തന്നിഷ്ടവും രാഷ്ട്രീയ ഇടപെടലും അനധികൃത, ചട്ടവിരുദ്ധ നിയമനങ്ങളും മാത്രമാണ് നടക്കുന്നത്. അത് വൈസ്ചാന്‍സലറില്‍ തുടങ്ങി പാര്‍ടൈം തോട്ടക്കാരന്‍ വരെയുള്ള എന്തു ജോലിയിലേക്കും ആര് വേണമെന്ന് തീരുമാനിക്കുന്നത് സിപിഎം നേതാക്കളാണ്. സര്‍ക്കാര്‍ നടത്തിയ നിയമവിരുദ്ധവും ചട്ടവിരുദ്ധവുമായ നിയമനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയെന്ന തെറ്റാണ് ഇത്രകാലവും ഗവര്‍ണര്‍ ചെയ്തത്. സാങ്കേതിക സര്‍വകലാശാല വിസി നിയമനം നിയമവിരുദ്ധമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് പൊതുജനത്തെ കബളിപ്പിക്കാന്‍ ഗവര്‍ണറും സര്‍ക്കാരും രണ്ടു ചേരികളിലായത്. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളിലെ വിസി നിയമനം ചട്ടവിരുദ്ധമാണെന്ന നിലപാടാണ് യുഡിഎഫും പ്രതിപക്ഷവും തുടക്കം മുതല്‍ക്കെ സ്വീകരിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കണ്ണൂര്‍ വി.സിക്ക് പുനര്‍നിയമനം നല്‍കിയതെന്ന് പിന്നീട് ചാന്‍സലറും സമ്മതിച്ചു. അങ്ങനെയെങ്കില്‍ ചട്ടവിരുദ്ധമായി സ്ഥാനം നേടിയ വി.സിയുടെ രാജി ആവശ്യപ്പെടുകയോ അതിന് തയാറായില്ലെങ്കില്‍ പുറത്താക്കുകയോ ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ തിരുത്തല്‍ നടപടിക്ക് ചാന്‍സലര്‍ തയാറായില്ല. ഇതിനു പിന്നാലെയാണ് സാങ്കേതിക സര്‍വകലാശാല വി.സിക്കെതിരായ സുപ്രീം കോടതി വിധി വന്നത്. യുഡിഎഫും പ്രതിപക്ഷവും കാലങ്ങളായി ഉന്നയിച്ച കാര്യങ്ങള്‍ തന്നെയാണ് വിധിയിലുമുള്ളത്. അതുകൊണ്ടു തന്നെ ചട്ടവിരുദ്ധമായി നിയമനം നേടിയ വി.സിമാര്‍ രാജിവയ്ക്കണമെന്ന് ചാന്‍സലര്‍ ആവശ്യപ്പെട്ടതിന് വിരുദ്ധമായൊരു നിലപാടെടുക്കേണ്ട ആവശ്യം പ്രതിപക്ഷത്തിനില്ല. സര്‍ക്കാരിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ കൂട്ട് നില്‍ക്കുന്ന ഗവര്‍ണറോട് വിഷയാധിഷ്ഠിത നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. ഗവര്‍ണറും സര്‍ക്കാരും കൂടിയാണ് എല്ലാ നിയനങ്ങളും നടത്തിയത്. സുപ്രീം കോടതിയില്‍ തോറ്റത് ഗവര്‍ണറും സര്‍ക്കാരുമാണ്; ജയിച്ചത് പ്രതിപക്ഷ നിലപാടും.

തെറ്റ് ആര് ചെയ്താലും ചോദ്യം ചെയ്യും:

എല്ലാ വിഷയങ്ങളിലും ഗവര്‍ണറെയും സര്‍ക്കാരിനെയും എതിര്‍ക്കുകയെന്നതല്ല മറിച്ച് തെറ്റിനെ എതിര്‍ക്കുകയെന്നതാണ് പ്രതിപക്ഷ നിലപാട്. ഗവര്‍ണറും സര്‍ക്കാരും ചെയ്ത തെറ്റുകളെയാണ് പ്രതിപക്ഷം എതിര്‍ത്തത്. സര്‍വകലാശാലകളിലെ വിസി, അധ്യാപക നിയമനങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും ഒറ്റക്കെട്ടായിരുന്നു. തെറ്റ് ചൂണ്ടിക്കാട്ടുകയും അതിനെ എതിര്‍ക്കുകയും ചെയ്തു. പ്രീതി നഷ്ടപ്പെട്ടതു കൊണ്ട് സംസ്ഥാന ധനമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഗവര്‍ണര്‍ക്ക് അതിനുള്ള അധികാരമില്ലെന്ന് ശക്തിയുക്തം പറഞ്ഞതും പ്രതിപക്ഷമായിരുന്നു. കേരള സര്‍വകലാശാല വിസി നിയമനത്തില്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണര്‍ക്കുണ്ട്. കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധികളെ നല്‍കില്ലെന്ന സര്‍ക്കാര്‍ നിലപാട് തെറ്റാണ്. അതേസമയം കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചപ്പോള്‍ 11 അംഗങ്ങളെ മാത്രമെ പിന്‍വലിക്കാന്‍ അധികാരമുള്ളൂവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഡിപ്പാര്‍ട്ട്മെന്റ് തലവന്‍മാരായ നാല് പേരെ പിന്‍വലിക്കാനുള്ള അധികാരം ചാന്‍സലര്‍ക്കില്ല. കേരളത്തില്‍ ക്രിയാത്മകമായൊരു പുതിയ രാഷ്ട്രീയം ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇങ്ങനെ സര്‍ഗാത്മകമായ നിലപാട് ഏത് പ്രതിപക്ഷമാണ് എടുത്തിട്ടുള്ളത്? പ്രതിപക്ഷത്തിരുന്നപ്പോള്‍ എല്ലാത്തിനും സര്‍ക്കാരിനെ എതിര്‍ക്കുകയെന്നതായിരുന്നു എല്‍.ഡി.എഫ് നിലപാട്. ജനങ്ങള്‍ക്കിടയില്‍ യു.ഡി.എഫിന് വിശ്വാസ്യതയുള്ള ഒരിടമുണ്ട്. യു.ഡി.എഫ് സ്വീകരിക്കുന്ന നിലപാടുകള്‍ ആലോചിച്ചും ചര്‍ച്ച ചെയ്തുമുള്ളതാണെന്ന് ജനങ്ങള്‍ക്ക് നന്നായറിയാം.

സ്വാഗതം ചെയ്തത് തെറ്റ് തിരുത്തിയതിനെ:

സാങ്കേതിക സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് ചട്ടവിരുദ്ധ നിയമനം നേടിയ വി.സിമാര്‍ക്കെതിരായ നടപടിയുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്. ഏതൊക്കെ സര്‍വകലാശാലകളിലാണോ യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി വിസിമാരെ നിയമിച്ചിട്ടുള്ളത്, ആ നിയമനങ്ങളെല്ലാം നിയമിച്ചപ്പോള്‍ തന്നെ നിയമവിരുദ്ധമായെന്നാണ് (Void Ab Initio)വിധിയില്‍ പറഞ്ഞിരിക്കുന്നത്. കേരളത്തിലെ 9 സര്‍വകലാശാലകളിലെയും വി.സിമാരുടെ നിയമനം സുപ്രീം കോടതി വിധി അനുസരിച്ച് Void Ab Initio ആണ്. അതായത് നിയമം ലംഘിച്ച് നടപ്പാക്കിയ നിയമനങ്ങള്‍ അപ്പോള്‍ തന്നെ നിയമവിരുദ്ധമായി. ഈ സാഹചര്യത്തില്‍ നിയമവിരുദ്ധമായി നിയമിക്കപ്പെട്ട വിസിമാര്‍ എങ്ങനെയാണ് തുടരുന്നത്? ഇതു തന്നെയാണ് കണ്ണൂര്‍, സംസ്‌കൃത സര്‍വകലാശാല വിസിമാരുടെ കാര്യത്തില്‍ പ്രതിപക്ഷം പറഞ്ഞത്. മൂന്ന് മുതല്‍ അഞ്ച് പേരുടെ പാനല്‍ നല്‍കണമെന്ന് പറയുമ്പോള്‍ ഒറ്റപ്പേരാണ് കൊടുത്തത്. അക്കാദമീഷ്യന്‍മാര്‍ മാത്രം സെര്‍ച്ച് കമ്മിറ്റിയില്‍ വരണമെന്ന് യു.ജി.സി നിഷ്‌ക്കര്‍ഷിക്കുമ്പോള്‍ ചീഫ് സെക്രട്ടറിയെ വയ്ക്കുന്നു. സര്‍വകലാശാലയുമായി ബന്ധമുള്ള ആരും സെര്‍ച്ച് കമ്മിറ്റിയില്‍ ഉണ്ടാകാന്‍ പാടില്ലെന്ന മാനദണ്ഡവും സര്‍ക്കാര്‍ അട്ടിമറിച്ചു. മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും ബന്ധുക്കളെ സര്‍വകലാശാലകളില്‍ അധ്യാപകരായി പിന്‍വാതിലിലൂടെ നിയമിക്കുന്നതിന് വേണ്ടി മാത്രമാണ് ഇഷ്ടക്കാരെ വി.സിമാരാക്കാന്‍ നിയമവിരുദ്ധ മാര്‍ഗങ്ങള്‍ തേടിയതും ഗവര്‍ണറുമായി ഒത്തുചേര്‍ന്നതും. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സര്‍ക്കാരിന് ഗവര്‍ണറും കൂട്ടുനിന്നു. ചെയ്ത തെറ്റ് തിരുത്താന്‍ ഗവര്‍ണര്‍ ഇപ്പോള്‍ തയാറായി. അതിനെയാണ് പ്രതിപക്ഷം സ്വാഗതം ചെയ്തത്.

ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ക്കുന്നത് സര്‍ക്കാര്‍:

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്ന അനിശ്ചിതത്വത്തിലൂടെ കേരളത്തിലെ സര്‍വകലാശാലകള്‍ കുത്തഴിഞ്ഞ അവസ്ഥയിലാണ്. സിപിഎം നേതാക്കളുടെയും മന്ത്രിമാരുടെയും ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും പിന്‍വാതില്‍ നിയമനം നല്‍കുന്നതിനുള്ള സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളാക്കി സര്‍വകലാശാലകളെയും പാര്‍ട്ടിയുടെ ഏജന്‍റുമാരായി വിസിമാരെയും മാറ്റിയിരിക്കുകയാണ്. ഇതോടെ ഉന്നതപഠനത്തിന് വിദേശ സര്‍വകലാശാലകളിലേക്ക് പോകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്.

സുപ്രീം കോടതി വിധിക്ക് പിന്നാലെ സാങ്കേതിക സര്‍വകലാശാല വി.സിയുടെ താല്‍ക്കാലിക ചുമതലയിലേക്ക് എല്ലാവിധ അക്കാദമിക് യോഗ്യതയുമുള്ള ഉദ്യോഗസ്ഥയെ ചാന്‍സലര്‍ ചുമതലപ്പെടുത്തിയെങ്കിലും അതിനെയും എതിര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതിയും നിരസിച്ചു. ചുമതല ഏറ്റെടുക്കാന്‍ പുതിയ വി.സിയെ അനുവദിക്കാതെ എസ്എഫ്ഐയെയും സര്‍വീസ് സംഘടനകളെയും രംഗത്തിറക്കിയുള്ള തരംതാണ കളിയാണ് സിപിഎമ്മും സര്‍ക്കാരും പയറ്റുന്നത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും അനിശ്ചിതത്വം തുടര്‍ന്നാല്‍ കേരളത്തിലെ കുട്ടികള്‍ വിദേശത്തേക്ക് പോകുന്നത് വര്‍ധിക്കും.

ഗവര്‍ണറെ മാറ്റിയാല്‍ എകെജി സെന്‍റര്‍ വിസിമാരെ നിയമിക്കുന്ന സ്ഥിതിയുണ്ടാകും:

സര്‍ക്കാരും മുഖ്യമന്ത്രിയും ഒന്നിച്ച് ചെയ്ത തെറ്റിനുള്ള പരിഹാരമല്ല ചാന്‍സലറെ മാറ്റാനുള്ള ഓര്‍ഡിനന്‍സ്. സര്‍വകലാശാലകളെ കമ്മ്യൂണിസ്റ്റ് വത്ക്കരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റിയാല്‍ ഇപ്പോള്‍ പിന്‍വാതിലിലൂടെ ബന്ധുക്കളെയും പാര്‍ട്ടി നേതാക്കളെയും നിയമിച്ചതു പോലെ സിപിഎം എകെജി സെന്‍ററില്‍ നിന്നും വിസിമാരെ നിയമിക്കുന്ന സ്ഥിതിയുണ്ടാകും. ബംഗാളില്‍ ചെയ്തത് പോലെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ളവരെ വിസിമാരാക്കി ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഗവര്‍ണര്‍ സംഘപരിവാറുകാരെ വിസിമാരായി നിയമിക്കുമെന്ന ഭയം പോലെ സര്‍ക്കാരും കമ്യൂണിസ്റ്റുകാരെ തിരുകിക്കയറ്റുമോയെന്ന ഭയം പ്രതിപക്ഷത്തിനുണ്ട്. ചാന്‍സലറെ മാറ്റേണ്ട ഒരു സാഹചര്യവും ഇവിടെയില്ല. സുപ്രീം കോടതി വിധിയെ മറികടക്കാനാണ് ധൃതിപ്പെട്ട് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. അതിനെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കും.

ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറി നില്‍ക്കാമെന്ന് പറഞ്ഞ് ഗവര്‍ണര്‍ മൂന്ന് തവണ സര്‍ക്കാരിന് കത്തെഴുതി. അപ്പോഴൊക്കെ അയ്യോ സാറേ പോകല്ലേയെന്ന് പറഞ്ഞ് മുഖ്യമന്ത്രി മറുപടി കത്തെഴുതി. ഞാന്‍ പറയുന്നത് പോലെ കത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ നാലാമതും കത്തയച്ചു. ഇതനുസരിച്ച് ഗവര്‍ണര്‍ പറഞ്ഞത് പോലെ സര്‍വകലാശാലാ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും അങ്ങ് ചാന്‍സലറായി തുടരണമെന്നും പറഞ്ഞ് മറുപടിക്കത്ത് എഴുതി. മുഖ്യമന്ത്രിയുടെ നാലാമത്തെ കത്ത് കണ്ടാല്‍ അപമാനഭാരത്താല്‍ തല കുനിക്കേണ്ടി വരും. എങ്ങനെ കത്ത് നല്‍കണമെന്ന് ഗവര്‍ണര്‍ തന്നെ പഠിപ്പിച്ച് കൊടുത്തിരിക്കുകയാണ്. എന്നിട്ടെന്തിനാണ് സര്‍വകലാശാലാ ഭേദഗതി നിയമം നിയമസഭയില്‍ കൊണ്ടുവന്നത്? ഇപ്പോള്‍ ചാന്‍സലറെ മാറ്റാന്‍ തീരുമാനിച്ചത്? ഇതിലൊക്കെ എന്ത് യുക്തിയാണ്?

ഗവര്‍ണറുടെ കാല് പിടിച്ചപ്പോള്‍ എവിടെയായിരുന്നു മുഖ്യമന്ത്രിയുടെ സംഘപരിവാര്‍ വിരുദ്ധത?

പ്രശ്നം ഉണ്ടാകുമ്പോള്‍ സംഘപരിവാര്‍ അജണ്ടയുമായി വരികയെന്നത് മുഖ്യമന്ത്രിയുടെ തന്ത്രമാണ്. അല്ലാത്ത സമയങ്ങളില്‍ സംഘപരിവാറുമായി ഒത്തുതീര്‍പ്പിലാണ്. പ്രതിപക്ഷം ബിജെപിയുടെയോ പിണറായിയുടെയോ തന്ത്രങ്ങളില്‍ വീഴില്ല. കണ്ണൂര്‍ വിസി നിയമനത്തില്‍, മുഖ്യമന്ത്രി ഗവര്‍ണറെ നേരില്‍ക്കണ്ട്, ഇത് എന്‍റെ ജില്ലയാണ്, എന്‍റെ സ്വന്തം സ്ഥലമാണ്, എന്‍റെ വിസിയെ വെക്കണമെന്ന് പറഞ്ഞപ്പോള്‍ എവിടെയായിരുന്നു പിണറായി വിജയന്‍റെ സംഘപരിവാര്‍ വിരുദ്ധത? സംഘപരിവാറിന്‍റെ കേരളത്തിലെ പ്രതിനിധിയെന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുന്ന ഈ ഗവര്‍ണറുമായി ചേര്‍ന്നാണ് സര്‍വകലാശാലകളില്‍ നിയമവിരുദ്ധമായ നിയമനങ്ങള്‍ നടത്തിയത്. നിയമവിരുദ്ധ നിയമനങ്ങള്‍ക്ക് കൂട്ട് നിന്നതിന്‍റെ പേരില്‍ ഗവര്‍ണറെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് പ്രതിപക്ഷമാണ്. ഗവര്‍ണര്‍ വ്യക്തിപരമായി ഏറ്റവുമധികം അധിക്ഷേപിച്ചതും പ്രതിപക്ഷ നേതാവിനെയാണ്. മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ ഒരു അധിക്ഷേപവും പറഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാവിനെതിരെ തുടര്‍ച്ചയായി ഗവര്‍ണര്‍ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞിട്ടും അതിനെതിരെ ഒരു വാക്ക് പോലും മുഖ്യമന്ത്രി പറഞ്ഞില്ലല്ലോ. അന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കൊപ്പം നിന്ന് ഇതിനൊക്കെ കൂട്ട് നില്‍ക്കുകയായിരുന്നു. സുപ്രീം കോടതി വിധി വന്നപ്പോള്‍ മാത്രമാണ് ഗവര്‍ണറുടേത് സംഘപരിവാര്‍ മുഖമെന്ന് പറയുന്നത്. നാളെ ഏതെങ്കിലും സംഘവരിവാര്‍ പ്രതിനിധിയെ വിസിയാക്കാനോ സംഘപരിവാര്‍ അജണ്ട നടപ്പാക്കാനോ ഗവര്‍ണര്‍ ശ്രമിച്ചാല്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നത് കേരളത്തിലെ പ്രതിപക്ഷമായിരിക്കും. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.