നാഗ്പുരില്‍ വൈദികനെ അറസ്റ്റ് ചെയ്ത സംഭവം: പ്രധാനമന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Jaihind News Bureau
Wednesday, December 31, 2025

തിരുവനന്തപുരം: ക്രിസ്മസ് പ്രാര്‍ത്ഥനയ്ക്കിടെ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനെയും കുടുംബത്തെയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും അദ്ദേഹം കത്തയച്ചു. ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ് നാഗ്പുരില്‍ നടന്നതെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

നാഗ്പുരിലെ സി.എസ്.ഐ സൗത്ത് കേരള ഡയോസിസ് മിഷനിലെ വൈദികനായ ഫാദര്‍ സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവരുള്‍പ്പെടെ പന്ത്രണ്ട് പേരെയാണ് മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ക്രിസ്മസ് പ്രാര്‍ത്ഥനാ യോഗം നടക്കുമ്പോള്‍ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു പൊലീസ് നടപടി. വിവരമറിയാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ പത്തോളം പേരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

തിരുവനന്തപുരം അമരവിള സ്വദേശിയായ ഫാദര്‍ സുധീര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി നാഗ്പുരില്‍ മിഷനറി പ്രവര്‍ത്തനം നടത്തിവരികയാണ്. അറസ്റ്റിലായ മറ്റുള്ളവര്‍ മഹാരാഷ്ട്ര സ്വദേശികളാണ്. നിലവില്‍ ബെനോഡ പൊലീസ് സ്റ്റേഷനില്‍ കഴിയുന്ന ഇവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. സ്റ്റേഷനില്‍ വെച്ച് ജാമ്യം നല്‍കാന്‍ പോലീസ് തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് ഉന്നതതല ഇടപെടല്‍ തേടിയത്.

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് നാഗ്പുരില്‍ നടന്നതെന്ന് വി.ഡി. സതീശന്‍ കത്തില്‍ വ്യക്തമാക്കി. ‘സമാധാനപരമായി പ്രാര്‍ത്ഥനാ യോഗം നടത്തിയവര്‍ക്കെതിരെ കേസെടുക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഇഷ്ടമുള്ള മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശത്തിന്റെ ലംഘനമാണിത്’ – പ്രതിപക്ഷ നേതാവ് കത്തില്‍ കുറിച്ചു.

കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധം അറിയിക്കുന്നതായും, അറസ്റ്റിലായവരെ ഉടന്‍ മോചിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.