തിരുവനന്തപുരം: ജനങ്ങളുടെ സൈര്യജീവിതത്തിന് വെല്ലുവിളിയാകുന്ന ഗുണ്ടാവിളയാട്ടം അതിരുകടക്കുമ്പോഴും നടപടി എടുക്കാന്‍ തയാറാകാത്ത സംസ്ഥാന സർക്കാരിനും പോലീസിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാനം ഗുണ്ടകളുടെ നിയന്ത്രണത്തിലാണെന്ന് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. ഗുണ്ടകൾക്ക് സ്വൈര്യവിഹാരം നടത്താന്‍ പോലീസ് സഹായം ചെയ്യുകയാണ്. ഗുണ്ടകള്‍ക്ക് സിപിഎം രാഷ്ട്രീയ രക്ഷാകർതൃത്വം നൽകുകയാണെന്നും പോലീസിന്‍റെ കൈകാലുകൾ കെട്ടിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി ടൂറിലാണെന്നും അദ്ദേഹം ഉണ്ടെങ്കിലും ഇതൊക്കെ തന്നെയാണ് അവസ്ഥയെന്നും വി.ഡി. സതീശന്‍ പരിഹസിച്ചു. പണം ഉണ്ടെങ്കിൽ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ആർക്കും ആരെയും ആക്രമിക്കാവുന്ന സ്ഥിതിയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎം നേതാക്കളാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. സംസ്ഥാനം ഗുണ്ടകളുടെ നാടായി മാറിയെന്നും പോലീസ് നോക്കുകുത്തിയായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പന്തീരാങ്കാവ് ഗാർഹികപീഡനക്കേസ് പ്രതി വിദേശത്തേക്ക് കടന്നാല്‍ അതിന്‍റെ പൂർണ്ണ ഉത്തരവാദിത്വം പോലീസിനാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഒരു പെൺകുട്ടിക്ക് ഇത്ര ക്രൂരമായ അനുഭവം ഉണ്ടായിട്ട് നടപടി എടുക്കുവാൻ ആയില്ലെങ്കിൽ എന്തിനാണ് കേരളത്തിൽ പോലീസെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ എല്ലാ ക്ഷേമ-വികസന പ്രവർത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണ്. ക്ഷേമ പെൻഷനും പെൻഷനും അവകാശമല്ല എന്ന നിലയിലേക്ക് സർക്കാർ എത്തിച്ചു. സംസ്ഥാനം കടന്നു പോകുന്നത് ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ്. ജോസ് കെ. മാണി വിഷയം യുഡിഎഫോ കോൺഗ്രസോ ചർച്ച ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.