
വയനാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തെ രക്ഷിക്കാനുള്ള ഉജ്ജ്വലമായ പോരാട്ടമാണെന്നും നൂറിലധികം സീറ്റുകള്‍ നേടി യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന കോണ്‍ഗ്രസ് സംസ്ഥാന നേതൃ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016-ലും 2021-ലും എല്‍.ഡി.എഫിനൊപ്പം നിന്നിരുന്ന പലരും ഇന്ന് യു.ഡി.എഫിന്റെ ഭാഗമായിക്കഴിഞ്ഞു. ഇടതുപക്ഷ സഹയാത്രികരായ വലിയൊരു വിഭാഗം ജനങ്ങള്‍ ഭരണവിരുദ്ധ വികാരം മൂലം യു.ഡി.എഫിനൊപ്പം ചേരുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. കേവലം ഒരു പ്രതിപക്ഷമായല്ല, മറിച്ച് ഭരണം പിടിക്കാന്‍ പോകുന്ന മുന്നണിയായാണ് യു.ഡി.എഫ് ജനങ്ങളെ സമീപിക്കുന്നത്. നൂറില്‍ അധികം സീറ്റുകള്‍ നേടി ഉജ്ജ്വല വിജയം കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് കേരള രാഷ്ട്രീയത്തില്‍ വലിയ വിസ്മയങ്ങള്‍ സംഭവിക്കും. കേരളം ഇതുവരെ കാണാത്ത ഏറ്റവും വലിയ പൊളിറ്റിക്കല്‍ പ്ലാറ്റ്ഫോം രൂപപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കോണ്‍ഗ്രസിന് ഇന്ന് മികച്ചൊരു നേതൃനിരയുണ്ട്. ടീം യു.ഡി.എഫ് പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണെന്നും ക്യാമ്പ് കഴിഞ്ഞിറങ്ങുന്ന നിമിഷം മുതല്‍ വിജയത്തിനായി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും സതീശന്‍ പറഞ്ഞു.
ജയസാധ്യത മാത്രമാകും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ മാനദണ്ഡം. എസ്‌ഐആര്‍ വഴി വോട്ടര്‍ പട്ടികയില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനും ക്രമക്കേടുകള്‍ തടയുന്നതിനുമായി എം.പിമാര്‍ക്ക് പ്രത്യേക ചുമതല നല്‍കും.