‘ഒരു കെ.എസ്.യുക്കാരനും മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ല’; ദൃശ്യങ്ങളില്‍ ഉള്ളത് മന്ത്രിയുടെ ആക്രോശം മാത്രം: വി ഡി സതീശന്‍

Jaihind News Bureau
Wednesday, February 25, 2026

കണ്ണൂരില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മന്ത്രിയുടെ അടുത്തെത്താന്‍ പോലും പ്രതിഷേധക്കാര്‍ക്ക് സാധിച്ചിട്ടില്ലെന്നും പുറത്തുവന്ന ദൃശ്യങ്ങള്‍ മന്ത്രിയുടെ വാദങ്ങളെ പൊളിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവസ്ഥലത്ത് വന്‍ പോലീസ് സന്നാഹം ഉണ്ടായിരുന്നുവെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. ‘മൂന്നോ നാലോ കെ.എസ്.യു പ്രവര്‍ത്തകര്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അവരെ നേരിടാന്‍ മുപ്പതോളം പോലീസുകാരുണ്ടായിരുന്നു. കെ.എസ്.യുക്കാര്‍ മന്ത്രിയുടെ അടുത്ത് പോലും എത്തിയിട്ടില്ല എന്നതാണ് സത്യം. എന്നാല്‍ ആരോഗ്യ മന്ത്രി ആക്രോശിച്ചുകൊണ്ട് അവര്‍ക്കടുത്തേക്ക് ചെല്ലുന്ന ദൃശ്യങ്ങള്‍ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെങ്കിലും ആക്രമിക്കുന്ന ഒരു ചിത്രം ലഭിച്ചിട്ടുണ്ടോ?’ – അദ്ദേഹം ചോദിച്ചു.

കെ.എസ്.യു പ്രവര്‍ത്തകര്‍ അക്രമം നടത്തിയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘കെ.എസ്.യുക്കാരുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ഞങ്ങള്‍ നടപടി എടുക്കും. ആക്രമിക്കുക എന്നത് ഒരിടത്തും നടക്കാന്‍ പാടില്ലാത്ത കാര്യമാണ്. ജനാധിപത്യപരമായ രീതിയില്‍ കരിങ്കൊടി കാണിച്ച് ഇനിയും പ്രതിഷേധിക്കും. ഉമ്മന്‍ ചാണ്ടിക്കെതിരെയും മുന്‍പ് ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ നടന്നിട്ടുള്ളതാണ്.’ അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യരംഗത്തെ തകര്‍ച്ച മറച്ചുവെക്കാന്‍ മന്ത്രിമാര്‍ തന്റെ പേര് വലിച്ചിഴയ്ക്കുകയാണെന്നും വി.ഡി. സതീശന്‍ പരിഹസിച്ചു. ‘ഞാനാണല്ലോ കേരളം ഭരിക്കുന്നത്? ഞാനാണല്ലോ ആരോഗ്യ രംഗത്തെ ഈ അവസ്ഥയിലാക്കിയത്? കേരളത്തില്‍ എന്ത് സംഭവിച്ചാലും എല്ലാ മന്ത്രിമാരും ഇപ്പോള്‍ വി.ഡി. സതീശന്‍ കാരണമാണെന്ന് പറയും. ഫലത്തില്‍ എന്റെ പി.ആര്‍. വര്‍ക്ക് ചെയ്യുന്നത് ഇപ്പോള്‍ എല്‍.ഡി.എഫ് മന്ത്രിമാരാണെന്നും വി ഡി സതീശന്‍ പരിഹസിച്ചു.

മന്ത്രിയുടെ ‘പരിക്ക്’ നാടകത്തെ വെറും ആഘോഷമായി മാത്രമേ കാണാന്‍ കഴിയൂ എന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.