
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശന വേളയിലെ പ്രസംഗങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. വികസന നേട്ടങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലാത്തതിനാലാണ് പ്രധാനമന്ത്രി വര്‍ഗീയത മാത്രം പ്രസംഗിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ ബിജെപിയുടെ ഏക തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയതയാണെന്ന് പ്രധാനമന്ത്രിയുടെ വാക്കുകളിലൂടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി കസേരയിലിരുന്ന് പച്ചയ്ക്ക് വര്‍ഗീയത വിളിച്ചുപറയുന്നത് രാജ്യത്തിന്റെ മൂല്യങ്ങളെ വികലമാക്കുന്നതിന് തുല്യമാണ്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചോ കേരളത്തിന്റെ വികസന മുന്ഗണനകളെക്കുറിച്ചോ സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ പയറ്റുന്ന വിഭജന രാഷ്ട്രീയവും വിഷപ്രചരണവും കേരളത്തില്‍ വിലപ്പോകില്ലെന്ന് ബിജെപി ഉടന്‍ മനസ്സിലാക്കും. വര്‍ഗീയ ശക്തികളെ ഈ മണ്ണില്‍ കുഴിച്ചുമൂടാനും മതേതരത്വം സംരക്ഷിക്കാനും യു.ഡി.എഫ് ഏതറ്റം വരെയും പോകും.
നാല് വോട്ടിന് വേണ്ടി വര്‍ഗീയതയെ താലോലിക്കുന്ന നയം കോണ്‍ഗ്രസിനോ യു.ഡി.എഫിനോ ഇല്ല. കോണ്‍ഗ്രസിന്റെ മതേതര കാഴ്ചപ്പാടിന് നരേന്ദ്ര മോദിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും വി.ഡി. സതീശന് വ്യക്തമാക്കി. മുസ്ലീം ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന യുഡിഎഫിന്റെ ഏറ്റവും വലിയ മുന്‍ഗണന മതേതരത്വം സംരക്ഷിക്കുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ വിഭജന രാഷ്ട്രീയത്തെ തള്ളിക്കളയുമെന്നും പ്രധാനമന്ത്രിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ സംസ്ഥാനത്ത് ചലനമുണ്ടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.