
‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിന്റെ പേരില്‍ ഗാനരചയിതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതി ചേര്‍ക്കപ്പെട്ട നാലുപേരെയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും പോകുമെന്നും, ഈ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സാംസ്‌കാരിക കേരളത്തിന് മുന്നില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഈ നടപടിയോടെ തലകുനിച്ച് നില്‍ക്കേണ്ടി വരുമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തീവ്ര വലതുപക്ഷ സര്‍ക്കാരുകള്‍ ചെയ്യുന്നതിന് സമാനമായ നടപടികളാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ഭരണത്തിന് കീഴിലെ കറുത്ത അധ്യായമായി ഈ സംഭവം ചരിത്രത്തില്‍ രേഖപ്പെടുത്തും. രാജ്യാന്തര ചലച്ചിത്ര മേളയിലെ സിനിമകള്‍ക്ക് കേന്ദ്രം ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ പ്രസ്താവന നടത്തി 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ്, സ്വന്തം പോലീസ് ഒരു പാരഡി പാട്ടിന്റെ പേരില്‍ കേസെടുത്തിരിക്കുന്നതെന്നത് സര്‍ക്കാരിന്റെ വൈരുദ്ധ്യമാണെന്ന് അദ്ദേഹം പരിഹസിച്ചു.
സിപിഎം നേതാക്കളുടെ മുന്‍കാല നിലപാടുകളെയും പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തു. സ്ത്രീപ്രവേശന കാലഘട്ടത്തില്‍ അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിക്കുന്ന തരത്തില്‍ എം. സ്വരാജ് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ പ്രസ്താവന നടത്തിയപ്പോള്‍ മതവികാരം വ്രണപ്പെടാത്തവര്‍, ഇപ്പോള്‍ ഒരു പാരഡി പാട്ടിന്റെ പേരില്‍ നടപടിയെടുക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം പറഞ്ഞു. അയ്യപ്പന്റെ സ്വര്‍ണ്ണം കവര്‍ന്നതോ ആചാര ലംഘനമോ അല്ല, മറിച്ച് ഒരു പാരഡി ഗാനം പാടി എന്നുള്ളതാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ പതനത്തിന് കാരണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വി സര്‍ക്കാരിന്റെ സാമാന്യയുക്തിയെ വരെ ബാധിച്ചിരിക്കുകയാണെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. പരാജയം ഉണ്ടാക്കിയ വലിയ ആഘാതമാണ് പോലീസിനെക്കൊണ്ട് ഇത്തരം പരിഹാസ്യമായ കേസുകള്‍ എടുപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഭരണകൂടത്തിന്റെ ഈ അസഹിഷ്ണുത സാംസ്‌കാരിക കേരളത്തിന് വലിയ നാണക്കേടാണെന്നും കേസെടുത്ത വാര്‍ത്ത കേട്ട് കേരളം ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.