തിരുവനന്തപുരം: സിപിഎം വളർത്തുന്നത് എസ്എഫ്ഐ ക്രിമിനലുകളെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എസ്എഫ്ഐ അതിക്രമത്തിന് മൗനാനുവാദം നല്‍കുന്ന മുഖ്യമന്ത്രിക്ക് ക്രിമിനല്‍ മനസാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എസ്എഫ്ഐ ക്രിമിനലുകളെ നിലയ്ക്ക് നിർത്തിയില്ലെങ്കില്‍ തിരിച്ചടിക്കുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.
“സിദ്ധാര്‍ത്ഥന്‍റെ മരണത്തോടെ ഇതുപോലൊരു അക്രമം ഇനിയും ഉണ്ടാകില്ലെന്ന് വിചാരിച്ചു. എന്നാല്‍ കൊയിലാണ്ടിയില്‍ അമലിനെ ഇടി വീട്ടില്‍ എത്തിച്ച് ആക്രമിച്ചു. തിരുവനന്തപുരത്ത് കേരള സര്‍വകലാശാല കലോത്സവത്തിന് എത്തിയ കെഎസ്‌യു നേതാക്കളെയും യൂണിയന്‍ ഭാരവാഹികളെയും എസ്എഫ്ഐ ക്രിമിനലുകള്‍ മര്‍ദ്ദിച്ചു. ഇതിനെല്ലാം മുഖ്യമന്ത്രിയുടെ മൗനാനുവാദമുണ്ട്. മുഖ്യമന്ത്രിക്ക് ക്രിമിനല്‍ മനസാണ്. അതുകൊണ്ടാണ് ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താത്തത്. ഇനിയും തുടരണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇനിയും തുടര്‍ന്നാല്‍ ഞങ്ങള്‍ തിരിച്ചടിക്കും. ഞങ്ങളുടെ കുട്ടികളെ ഞങ്ങള്‍ക്ക് സംരക്ഷിക്കണം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് വരെ എസ്എഫ്ഐ അക്രമത്തെ തള്ളിപ്പറയേണ്ടി വന്നു. ഒരു കാലത്ത് എസ്എഫ്ഐയുടെ ഗ്ലാമര്‍ താരമായിരുന്ന സുരേഷ് കുറുപ്പും എസ്എഫ്ഐയെ തള്ളിപ്പറഞ്ഞിട്ടുണ്ട്.
ക്രിമിനല്‍ സംഘത്തെയാണ് സിപിഎം വളര്‍ത്തിയെടുക്കുന്നത്. അവര്‍ എസ്ഐയുടെ കരണത്തടിച്ചു. ടിപിയുടെ തലച്ചോറ് തെങ്ങിന്‍പൂക്കുല പോലെ ചിതറിക്കുമെന്ന് സിപിഎം നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ ചാലക്കുടി എസ്ഐയെ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്നാണ് എസ്എഫ്ഐ നേതാവ് പ്രസംഗിച്ചത്. കുട്ടികളെ കോളജില്‍ അയയ്ക്കാന്‍ മാതാപിതാക്കള്‍ക്ക് ഭയമാണ്. വയനാട്ടില്‍ നിന്നും അമ്മയെ കാണാന്‍ കൊച്ചിവരെ എത്തിയ സിദ്ധാര്‍ത്ഥനെ ഭയപ്പെടുത്തി കോളജിലേക്ക് വിളിച്ചു വരുത്തി. അടി കിട്ടുമെന്ന ഭീതിയിലാണ് സിദ്ധാര്‍ത്ഥന്‍ കോളജിലേക്ക് മടങ്ങിയത്. 130 കുട്ടികളുടെ മുന്നില്‍ വിവസ്ത്രനാക്കി മര്‍ദ്ദിച്ചു. ഒരാള്‍ പോലും പുറത്ത് പറഞ്ഞില്ല. 130 കുട്ടികളുടെ മനസിനകത്തെ ഭീതിയുടെ ആഴമാണ് പിണറായി ഭരണം കേരളത്തിലെ അമ്മമാര്‍ക്കും മാതാപിതാക്കള്‍ക്കും ഉണ്ടാക്കിക്കൊടുത്തത്. ഇനിയും അക്രമം കാട്ടുമെന്ന വെല്ലുവിളിയാണ് കേരള സര്‍വകലാശാല കലോത്സവ വേദിയില്‍ നിന്നും ഈ ക്രിമിനല്‍ സംഘടന ജനങ്ങളോട് ഉയര്‍ത്തുന്നത്.” – പ്രതിപക്ഷ നേതാവ് പറഞ്ഞു.