
മാനന്തവാടി: കേരളത്തിന്റെ പുതുയുഗ പിറവിക്കുള്ള തിരശീലയാണ് ‘പുതുയുഗ യാത്ര’യെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളെ കടക്കെണിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും വികസനം വെറും പ്രഖ്യാപനങ്ങളില്‍ മാത്രമായി ഒതുങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ആരോഗ്യരംഗം പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞു. ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. മാനന്തവാടി മെഡിക്കല്‍ കോളേജിന്റെ ദുരവസ്ഥ അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്തുവര്‍ഷമായി അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെയാണ് മാനന്തവാടി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്. ആരോഗ്യരംഗത്തെ അവഗണന മൂലം വയനാട്ടിലെ അരിവാള്‍ രോഗികള്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. സര്‍വത്ര അഴിമതിയുമായാണ് പിണറായി സര്‍ക്കാര്‍ ഭരണം തുടരുന്നത്. സഹകരണ രംഗത്തെയും സര്‍ക്കാര്‍ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
ആരോഗ്യ കേരളത്തെ വീണ്ടെടുക്കുന്നതിനുള്ള കൃത്യമായ രേഖകള്‍ പ്രതിപക്ഷം തയ്യാറാക്കിയിട്ടുണ്ട്. വരുന്ന 12-ാം തീയതി കോഴിക്കോട്ടില്‍ വച്ച് ഈ ഡോക്യുമെന്റ് പ്രദര്‍ശിപ്പിക്കുമെന്നും വി.ഡി. സതീശന്‍ അറിയിച്ചു.