സഭയെ അധിക്ഷേപിക്കുന്നത് ബിജെപി പിന്തുണയോടെ; ; ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കാന്‍ യു.ഡി.എഫ് മുന്നിലുണ്ടാകും: പി.സി. ജോര്‍ജിനെതിരെ വി.ഡി. സതീശന്‍

Jaihind News Bureau
Saturday, April 11, 2026

തിരുവനന്തപുരം: കത്തോലിക്ക സഭയ്ക്കും ദീപിക ദിനപത്രത്തിനുമെതിരെ പി.സി. ജോര്‍ജും മകനും നടത്തുന്ന അധിക്ഷേപങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബിജെപി നേതൃത്വത്തിന്റെ പിന്തുണയോടെയാണ് ഈ ആക്രമണമെന്നും സഭയെ ഒറ്റതിരിഞ്ഞ് അക്രമിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വോട്ട് ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് ബിജെപി നേതൃത്വം ഭീഷണിയുടെ സ്വരവുമായി ഇറങ്ങുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പി.സി. ജോര്‍ജിന്റെ അധിക്ഷേപങ്ങളില്‍ ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യവ്യാപകമായി ക്രൈസ്തവ വേട്ട നടത്തുന്ന സംഘ്പരിവാര്‍ വോട്ടിനു വേണ്ടി മാത്രമാണ് കേക്കുമായി അരമനകള്‍ കയറിയത്. സംഘ്പരിവാറിന്റെ ഈ കുടിലത തിരിച്ചറിയാനുള്ള ബുദ്ധി കേരളീയ സമൂഹത്തിനുണ്ടെന്നും വി.ഡി. സതീശന്‍ പരിഹസിച്ചു.

ക്രൈസ്തവ സമൂഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ മതേതര കേരളം അതിനെ ചെറുക്കും. സഭയെ സംരക്ഷിക്കാന്‍ യുഡിഎഫ് മുന്‍നിരയിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അധിക്ഷേപങ്ങളിലൂടെയും ഭീഷണിയിലൂടെയും സഭയെ വരുതിയിലാക്കാമെന്ന സംഘ്പരിവാര്‍ അജണ്ട കേരളത്തില്‍ വിലപ്പോകില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.