വിവാദ പരാമർശത്തില്‍ സർക്കാർ നോക്കുകുത്തി ; പ്രശ്‌നം പരിഹരിക്കാന്‍ മുന്‍കൈയ്യെടുക്കണം : വി.ഡി സതീശന്‍

Jaihind Webdesk
Monday, September 13, 2021

മലപ്പുറം : നാർക്കോട്ടിക് ജിഹാദ് പരാമർശത്തില്‍  സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയത്തെ ഗൗരവമായി കണ്ട് പ്രശ്‌നം പരിഹരിക്കാന്‍ സർക്കാർ മുന്‍കൈയ്യെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വ്യാജ ഐഡിയുണ്ടാക്കി സാമൂഹ്യമാധ്യമങ്ങളിലുടെ സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംഘപരിവാർ അജണ്ടയാണ് ഇതിനുപിന്നില്‍. ഇരുസമുദായങ്ങളും അവരുടെ കെണിയില്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സാഹചര്യത്തില്‍ സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണ്. സിപിഎമ്മിനും ഇക്കാര്യത്തില്‍ നിലപാടില്ല. വിഷയത്തില്‍ പാർട്ടിക്ക് നിഗൂഢ അജണ്ടയുണ്ടോ എന്ന് സംശയിക്കണം.  വിരോധവും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങളെ സർക്കാർ ചെറുക്കണം. ഇതിനായി സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടണം.  രണ്ട് വിഭാഗങ്ങളെയും തമ്മിലടിപ്പാക്കാനുള്ള ശ്രമം തടയണം. അതിന് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് വിഷയത്തില്‍ കക്ഷിചേരുകയല്ല. രണ്ട് സമുദായങ്ങളും സംയമനം പാലിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത്. പ്രകടനങ്ങള്‍ നടത്തിയും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചും മുന്നോട്ടുപോയാല്‍ ഇങ്ങനെ ഒരു പ്രശ്‌നം ആഗ്രഹിക്കുന്നവര്‍ക്ക് വളരാനുള്ള വളംവെച്ച് കൊടുക്കലായി മാറുമെന്നും അദ്ദേഹം ആരോപിച്ചു.

ഈ വിഷയത്തില്‍ കേരളത്തില്‍ വലിയ കാമ്പയിന്‍ ഉണ്ടാകണം. മതേതരത്വത്തിന്റെ പതാകവാഹകരായി കേരളം മാറണമെന്ന് ആഗ്രഹിക്കുന്നവര്‍ എല്ലാവരും രംഗത്തുവരണമെന്നാണ് പറയാനുള്ളത്. കേരളത്തിലെ സാഹിത്യകാരന്‍മാര്‍, എഴുത്തുകാര്‍ എന്നിവര്‍ പുരോഗമന ചിന്താഗതിയോടെ മുന്നോട്ട് വരുമെന്നും സംഘര്‍ഷം ലഘൂകരിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രത്യാശിക്കുന്നതായും സതീശന്‍ പറഞ്ഞു.