കോണ്‍ഗ്രസ് മാര്‍ച്ചിനെതിരെ പോലീസ് നടത്തിയത് നരനായാട്ട്; തല്ലിച്ചതച്ചും കള്ളക്കേസുകളെടുത്തും നിശബ്ദമാക്കാമെന്ന് കരുതേണ്ട: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, July 4, 2023

 

തിരുവനന്തപുരം: ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്ക് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് നടത്തിയത് നരനായാട്ടാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയും സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും ഇഷ്ടക്കാരും നടത്തുന്ന പകല്‍ക്കൊള്ളയും കമ്മീഷന്‍ ഇടപാടുകളും അധികാര ദുര്‍വിനിയോഗവും ചൂണ്ടിക്കാട്ടിയതിലുള്ള വിരോധം തീര്‍ക്കുന്നതിന് വേണ്ടി പോലീസിനെ ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാണ്. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും ഗുണ്ടാ സംഘമായി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം ഇപ്പോഴും തുടരുന്നത് സേനയുടെ അന്തസ് കെടുത്തുന്നതാണെന്ന് ഓര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സമാധാനപരമായി പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും പലയിടത്തും പോലീസ് ആക്രമിച്ചു. കൊല്ലത്തും കാസര്‍ഗോഡും മലപ്പുറത്തും ലാത്തി വീശി. ലാത്തിച്ചാര്‍ജില്‍ കാസര്‍ഗോഡ് ഡിസിസി അധ്യക്ഷന്‍ പി.കെ ഫൈസലിനെ തലയ്ക്കടിച്ചു വീഴ്ത്തി. മലപ്പുറത്ത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് ആക്രമിച്ചു. വിവിധ ജില്ലകളിലായി നിരവധി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്.

മുഖ്യമന്ത്രിക്കും സിപിഎം-സംഘപരിവാര്‍ നേതാക്കള്‍ക്കും ഒരു നീതിയും കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ക്ക് മറ്റൊരു നീതിയുമെന്ന രീതിയാണ് സംസ്ഥാനത്ത് പോലീസ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ജനാധിപത്യ സംവിധാനത്തില്‍ ഇരട്ടനീതിയെന്നത് ഫാസിസ്റ്റ് ശൈലിയാണ്. മോദിയെ അനുകരിക്കുന്ന പിണറായി വിജയന്‍ അതുതന്നെയാണ് കേരളത്തിലും നടപ്പാക്കുന്നത്. പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയും കള്ളക്കേസുകളെടുത്തും കേരളത്തിലെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും നിശബ്ദരാക്കാമെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും കരുതേണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.