ശബരിമല കേസില്‍ കുറ്റപത്രം വൈകിപ്പിച്ചു; പ്രതികള്‍ക്ക് ജാമ്യം കിട്ടിയത് സര്‍ക്കാരിന്റെ ഒത്താശയോടെയെന്ന് വി.ഡി. സതീശന്‍

Jaihind News Bureau
Saturday, January 24, 2026

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരും അന്വേഷണസംഘവും സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേസില്‍ കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കാത്തത് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ ഇടയാക്കിയെന്നും ഇത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ മൂലമാണെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമലയിലെ കാണാതായ സ്വര്‍ണ്ണം ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണത്തിന്റെ റഡാറിലുള്ള ഉന്നതരെ സംരക്ഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘം ശ്രമിക്കുന്നത്. ഒരു ഇടക്കാല കുറ്റപത്രം പോലും നല്‍കാന്‍ തയ്യാറാകാത്തത് ഈ ഒത്തുകളിയുടെ ഭാഗമാണ്. പോലീസിന്റെ ബോധപൂര്‍വ്വമായ വീഴ്ചയാണ് പ്രതികള്‍ക്ക് നിയമപരമായ ആനുകൂല്യം ലഭിക്കാന്‍ കാരണമായതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

പയ്യന്നൂരിലെ സി.പി.എം ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ പോലീസിനെ അറിയിക്കാതെ പാര്‍ട്ടി തലത്തില്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. ‘പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത ഫണ്ട് കൊള്ളയടിക്കുന്നത് സി.പി.എമ്മിന്റെ ശൈലിയാണ്. പ്രളയ ഫണ്ടും കോവിഡ് ഫണ്ടും ഇത്തരത്തില്‍ തട്ടിയെടുത്തവരാണ് അവര്‍. ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നിട്ടും അത് നിയമത്തിന് മുന്നില്‍ എത്തിക്കാതിരിക്കുന്നത് ബി.എന്‍.എസ് പ്രകാരം കുറ്റകരമാണ്. ഇക്കാര്യം അന്വേഷിക്കേണ്ടത് പാര്‍ട്ടിയല്ല, പോലീസാണ്.’ – വി ഡി സതീശന്‍ വ്യക്തമാക്കി.

മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് വി.ഡി. സതീശന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ താന്‍ മലക്കം മറിഞ്ഞു എന്ന രീതിയില്‍ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത് എന്നും സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.