അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളറുമായി സർക്കാർ നടത്തിയത് ഡാറ്റാ കച്ചവടം; ഐടി വകുപ്പിന് ചുറ്റും ഡാറ്റാ ദല്ലാളന്മാർ പറന്നു നടക്കുന്നു : വി.ഡി. സതീശൻ

Jaihind News Bureau
Monday, April 13, 2020

അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്‌ളറുമായി സർക്കാർ നടത്തുന്ന ഇടപാട് കൊവിഡിന്‍റെ കാലത്ത് നടക്കുന്ന ഡാറ്റാ കച്ചവടവമാണെന്ന് വി.ഡി. സതീശൻ എംഎൽഎ. ദൗർഭാഗ്യവശാൽ നമ്മുടെ സർക്കാരിന്റെ ഐടി വകുപ്പ് ചുറ്റുമായി ഡാറ്റാ ദല്ലാളന്മാർ പറന്നു നടക്കുന്നു. ഈ ആരോപണം പ്രതിപക്ഷ നേതാവ് ഉന്നയിച്ചതിന് ശേഷം ഇപ്പോൾ ലിങ്കിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.  ഈ ലിങ്കില്‍ മാറ്റം വരുത്തിയാലും ഈ വിവരങ്ങളെല്ലാം ഇപ്പോള്‍ തന്നെ ഈ അമേരിക്കന്‍ കമ്പനിയില്‍ എത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ രംഗത്തെ വിവരങ്ങള്‍ കൈമാറാന്‍ പാടില്ലായെന്നത് ലോക വ്യാപകമായി അംഗീകരിക്കപ്പെട്ട കാര്യമാണ്. അമേരിക്കയിലും യൂറോപ്പിലും, ഇന്ത്യയിലും ഇത് സംബന്ധിച്ച നിയമങ്ങളുണ്ട്. ഇന്ത്യയിലെ നടപടിക്രമമനുസരിച്ച് ഡാറ്റാ കൈമാറ്റത്തിന് ഐസിഎംആറിന് അപേക്ഷ കൊടുക്കുകയും, ആരോഗ്യ മന്ത്രാലയത്തിന്‍റെ സ്ക്രീനിംഗ് കമ്മിറ്റി പരിശോധിക്കുകയും വേണം. സ്പ്രിംഗ്ളര്‍ കമ്പനിയുമായി ഇപ്പോള്‍ നടത്തുന്ന ഇടപാട് നിയമവിരുദ്ധമാണ്. ഇനി കമ്പനിയുടെ സൈറ്റിലേക്ക് വിവരങ്ങള്‍ അയക്കേണ്ടതില്ലായെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കുറ്റസമ്മതമാണ്. എന്നാല്‍ ക്വാറന്റയിനിലുള്ള ആളുകളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് സര്‍ക്കാര്‍ കൈമാറി കഴിഞ്ഞു. ഇതിന്‍റെ സുരക്ഷാ നടപടികള്‍ എന്താണ് സ്വീകരിച്ചിട്ടുള്ളതെന്ന് വി.ഡി.സതീശന്‍ ചോദിച്ചു.

ആരോഗ്യ രംഗത്തെ വിവരങ്ങള്‍ കൈമാറുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തുന്നതിനുമുള്ള പ്രധാന കാരണം ഇത്തരം വിവരങ്ങള്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍, അവയവദാന റാക്കറ്റുകള്‍, എന്നിവ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഉള്ളത് കൊണ്ടാണ്. കേരളം ലോകത്തിലെ തന്നെ പ്രധാനപ്പെട്ട മരുന്ന് വിപണികളില്‍ ഒന്നാണ്.

സ്പ്രിംഗ്ളര്‍ കമ്പനി സൗജന്യമായാണ് ഇക്കാര്യം ചെയ്തു തരുന്നതെന്ന മുഖ്യമന്ത്രിയുടെ വാദത്തിനു കഴമ്പില്ല. കമ്പനിയുടെ റവന്യൂ മോഡല്‍ തന്നെ വിവര ശേഖരണവും, പിന്നെ അതിന്റെ കച്ചവടവുമാണ്. ഈ അമേരിക്കന്‍ കമ്പനിക്കെതി- രായി ഓറിഗോണ്‍ കോടതിയില്‍ ഇവരുടെ പഴയ പങ്കാളിയായ ഒപാല്‍ കമ്പനി 50 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്തിട്ടുണ്ട്. അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ അവരറിയാതെ അവരുടെ ബൌദ്ധിക സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ സ്പ്രിംഗ്ളര്‍ കമ്പനി അടിച്ചു മാറ്റിയെന്നാണ് കേസ്. sUmWmÄUv {Sw]nsâ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്ത കമ്പനിയെന്ന നിലയില്‍ തന്നെ ഇവര്‍ ഡാറ്റാ വിവാദത്തിന്റെ നിഴലിലാണ്.

കേരളത്തിലെ ആശാവര്‍ക്കര്‍മാര്‍ വഴി ശേഖരിക്കുന്ന സുപ്രധാന വിവരങ്ങളാണ് കമ്പനിക്ക് നേരിട്ട് കൈമാറുന്നത്. ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന്‍റെ കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് തന്നെ കഴിയുമെന്നിരിക്കെ ഈ ഇടപാട് ദുരൂഹത വര്‍ധിപ്പിക്കുന്നു. ഒന്നര ലക്ഷം പേരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയില്ലായെന്ന ധനമന്ത്രിയുടെ നിലപാട് ഈ സ്ഥാപനങ്ങള്‍ക്ക് തന്നെ അപമാനകരമാണ്.

സര്‍വ്വര്‍ ഇന്ത്യയിലായത് കൊണ്ട് കുഴപ്പമില്ലായെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ വിവരങ്ങള്‍ ഇപ്പോള്‍ തന്നെ കമ്പനിയുടെ കൈവശം എത്തി കഴിഞ്ഞു.

അത് കൊണ്ടുപോകാന്‍ സര്‍വ്വര്‍ അമേരിക്കയിലേക്ക് കൊണ്ട് പോകേണ്ട കാര്യമില്ല. ഡാറ്റയുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനുള്ള ഒരു കരാറും ഒരു പ്രോട്ടോകോളും കമ്പനിയുമായി സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടില്ലായെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. പ്രതിപക്ഷ നേതാവ് ഈ കാര്യം ഉന്നയിച്ചതിന് ശേഷം കമ്പനിയില്‍ നിന്ന് ഏപ്രില്‍ 11ന് സര്‍ക്കാരിന് ലഭിച്ചിട്ടുള്ള കത്ത് പരസ്യമാക്കാന്‍ തയ്യാറാകണം. ഈ ആക്ഷേപങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയും, ധനമന്ത്രിയും നടത്തിയ വിശദ്ധീകരണങ്ങള്‍ പരസ്പര വിരുദ്ധമാണ്.

അണ്‍സ്ട്രക്ച്ചേര്‍ഡ് ഡാറ്റയുടെ വിശകലനത്തിന് കൂടി ഈ കമ്പനിയെ ഉപയോഗിക്കും എന്ന ധനമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ ഉത്തരവാദിത്വം സര്‍ക്കാരും സിപിഎമ്മും ഏറ്റെടുക്കുമോ? ലോക ആരോഗ്യ സംഘടനയ്ക്ക് വിവരങ്ങള്‍ കൊടുക്കുന്ന മഹാ സ്ഥാപനമാണ്‌ ഈ കമ്പനിയെന്നാണ് ധനമന്ത്രി പറയുന്നത്. അവരുടെ വെബ് സൈറ്റിലുള്ള ലിങ്കുകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്‍റെ നിലപാട്. എന്നാല്‍ ഇത്തരം ലിങ്കുകളുമായി തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലായെന്ന് ലോക ആരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്പ്രിംഗ്ളര്‍ കമ്പനിയെ മഹത്വവത്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ നിഗൂഡതയുണ്ട്.

ക്ഷയരോഗ പകര്‍ച്ച വ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട് ഏതാണ്ട് രണ്ട് കോടിയിലേറെ മലയാളികളുടെ വിവരങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ പക്കലുണ്ടെന്ന ധനമന്ത്രിയുടെ വെളിപ്പെടുത്തല്‍ വിസ്മയിപ്പിക്കുന്നതാണ്. കേരള സര്‍ക്കാരിന്‍റെ കയ്യിലില്ലാത്ത ഡാറ്റ എങ്ങനെയാണ് ലോകാരോഗ്യ സംഘടനയുടെ പക്കലെത്തിയത് ?.

ധനമന്ത്രി തോമസ് ഐസക്ക് എടുക്കുന്ന ഇത്തരം നയങ്ങള്‍ക്ക് സിപിഎം പിന്തുണ നല്‍കുന്നുണ്ടോ?. സീതാറാം യെച്ചൂരിയും, പ്രകാശ് കാരാട്ടുമടക്കമുള്ള നേതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളതും ഐസക്ക് നേരത്തെ പാര്‍ട്ടിയില്‍ വിചാരണ ചെയ്യപ്പെട്ടി ട്ടുള്ളതുമായ വിഷയങ്ങള്‍ വീണ്ടും സജീവമാകുകയാണ്.

ഡാറ്റയാണ് പുതിയ കാലത്തെ ഓയില്‍ എന്ന് ലോകം മുഴുവന്‍ പറയുന്ന കാലത്താണ് കേരള സര്‍ക്കാര്‍ ഈ പരസ്യമായ ഡാറ്റാകച്ചവടത്തിന് കൂട്ടു നില്‍ക്കുന്നത്.

teevandi enkile ennodu para