‘ഇത് അവസാനത്തിന്റെ ആരംഭം; ‘കടൽക്കൊള്ള’ എന്ന് വിളിച്ചവർ വിഴിഞ്ഞത്തിന്‍റെ ക്രെഡിറ്റ് അടിക്കരുത്’; വി.ഡി. സതീശൻ

Jaihind News Bureau
Sunday, January 25, 2026

സിപിഎമ്മിന്റെ ഗുണ്ടായിസം അവസാനിപ്പിക്കാൻ സമയമായെന്നും ഇത് ആ പാർട്ടിയുടെ അവസാനത്തിന്റെ ആരംഭമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. യുദ്ധപ്രഖ്യാപനം കൊണ്ടോ ഭീഷണി കൊണ്ടോ കോൺഗ്രസിനെ തകർക്കാമെന്ന് ആരും മോഹിക്കേണ്ടെന്നും പറവൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന വി. കുഞ്ഞികൃഷ്ണൻ ഇപ്പോൾ വധഭീഷണി നേരിടുകയാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി. ടി.പി. ചന്ദ്രശേഖരന്റെ ഗതി ഉണ്ടാകുമോ എന്ന ആശങ്കയിലാണ് അദ്ദേഹമെന്നും പാർട്ടിക്കെതിരെ സംസാരിക്കുന്നവരെ ഇല്ലാതാക്കുന്ന നിലപാടിനെതിരെ കോൺഗ്രസ് ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിൽ ഇത്തരം അക്രമങ്ങൾ ആവർത്തിക്കുമ്പോൾ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മൗനം വെടിയണമെന്നും അക്രമികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ സിപിഎം കാട്ടുന്നത് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. വർഷങ്ങൾക്ക് മുമ്പ് ഉമ്മൻചാണ്ടി സർക്കാർ പദ്ധതിയുമായി വന്നപ്പോൾ ‘കടൽക്കൊള്ള’ എന്ന് വിളിച്ച് ആക്ഷേപിക്കുകയും പദ്ധതിയെ ബഹിഷ്കരിക്കുകയും ചെയ്തവരാണ് ഇന്ന് അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ മത്സരിക്കുന്നത്. ഉമ്മൻചാണ്ടിയുടെ ഇച്ഛാശക്തിയാണ് വിഴിഞ്ഞത്തെ യാഥാർത്ഥ്യമാക്കിയത്. പദ്ധതിക്ക് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുമെന്നും എന്നാൽ അനാവശ്യ അവകാശവാദങ്ങൾ ഉന്നയിച്ച് ജനങ്ങളെ വിഡ്ഢികളാക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കെ-റെയിൽ പദ്ധതിയെ കോൺഗ്രസ് എതിർത്തത് കൃത്യമായ പഠനമില്ലാത്തതിനാലാണെന്നും അത് ശരിയാണെന്ന് കാലം തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദത്താൽ അട്ടിമറിക്കപ്പെടുകയാണ്. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്തത് പ്രതികളെ സഹായിക്കാനാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സതീശൻ ആരോപിച്ചു.0