
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം മുന്നിൽക്കണ്ട് സമനില തെറ്റിയ സിപിഎം, സംസ്ഥാന വ്യാപകമായി യുഡിഎഫ് സ്ഥാനാർത്ഥികളെയും പ്രവർത്തകരെയും ആക്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. തൃക്കരിപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർക്ക് നേരെയുണ്ടായ കൈയേറ്റവും വാമനപുരത്ത് സ്ഥാനാർത്ഥി സുധീർഷാ പാലോടിന്റെ പ്രചാരണ വാഹനത്തിന് നേരെ നടന്ന ആക്രമണവും ഇതിന്റെ തെളിവുകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങൾ തങ്ങളെ കൈവിടുമെന്ന് ഉറപ്പായതോടെ അക്രമത്തിലൂടെ അധികാരം നിലനിർത്താനാണ് സിപിഎം ക്രിമിനലുകൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയും രക്തസാക്ഷികളുടെ പേരിൽ പിരിച്ച ഫണ്ട് തട്ടിയതും പുറത്തായതോടെ സിപിഎം കേരളത്തിന് മുന്നിൽ നാണംകെട്ട് നിൽക്കുകയാണെന്ന് സതീശൻ പരിഹസിച്ചു. ഇത്തരം അഴിമതികളിൽ നിന്നും കൊള്ളകളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ അക്രമങ്ങൾ അഴിച്ചുവിടുന്നത്. എന്നാൽ ക്രിമിനൽ-മാഫിയ സംഘങ്ങളെപ്പോലെ പ്രവർത്തിക്കുന്ന സിപിഎമ്മിനും ഇടതുമുന്നണിക്കും കേരളത്തിലെ ജനങ്ങൾ ബാലറ്റിലൂടെ ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണകൂടത്തിന്റെ തണലിൽ നടക്കുന്ന ഇത്തരം ഗുണ്ടായിസങ്ങൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും, അക്രമം കൊണ്ട് യുഡിഎഫിനെ തളർത്താമെന്നത് സിപിഎമ്മിന്റെ വെറും വ്യാമോഹം മാത്രമാണെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസും ഇത്തരം സംഭവങ്ങളിൽ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.