
ആദര്‍ശത്തെക്കുറിച്ച് നാവിട്ടലയ്ക്കുന്ന സിപിഎമ്മിന്റെ സഖ്യസമവാക്യങ്ങള്‍ എത്രത്തോളം വിചിത്രവും വിരോധാഭാസവുമാണെന്ന് തെളിയിക്കുന്നതാണ് കെ.എം. മാണി സ്മാരകത്തെ ചൊല്ലിയുള്ള പുതിയ ചര്‍ച്ചകള്‍. മാണി സാറിന് സ്മാരകം പണിയാന്‍ സര്‍ക്കാര്‍ സ്ഥലം അനുവദിച്ചതിനെ സ്വാഗതം ചെയ്യുമ്പോഴും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നടത്തിയൊരു ‘ഫ്‌ളാഷ് ബാക്ക്’ പ്രയോഗം സിപിഎമ്മിനെ വല്ലാതെ പ്രതിരോധത്തിലാക്കുന്നുണ്ട്. അത് വെറുമൊരു ഓര്‍മ്മപ്പെടുത്തലല്ല; മറിച്ച്, സൗകര്യപൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്ന സമീപകാല ചരിത്രത്തിലേക്കുള്ള വെളിച്ചമാണ്.
കേരള നിയമസഭ കണ്ട ഏറ്റവും കലുഷിതമായ ദിനങ്ങളെയാണ് സതീശന്‍ ഇപ്പോള്‍ ഓര്‍മ്മിപ്പിക്കുന്നത്. ബാര്‍ കോഴ വിവാദത്തിന്റെ പേരില്‍ കെ.എം. മാണിയെ നിയമസഭയുടെ പടി കടത്തരുതെന്ന് വാശിപിടിച്ച് അക്രമം അഴിച്ചുവിട്ടവരാണ് ഇന്നത്തെ ഭരണപക്ഷം. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ബൈബിള്‍ വചനങ്ങളെ കൂട്ടുപിടിച്ചത്. കേരള നിയമസഭാ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനങ്ങളില്‍ ഒന്നിനെക്കുറിച്ചാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സൂചിപ്പിച്ചത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന കെ.എം. മാണിക്കെതിരെ വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗമാണത്. കെ.എം. മാണിയെ ബൈബിള്‍ വിശ്വാസപ്രമാണങ്ങള്‍ ഉപയോഗിച്ച് വി എസ് നേരിട്ടപ്പോള്‍ കെ എം മാണിയും തനതു ശൈലിയില്‍ തന്നെ തിരിച്ചടിച്ചു.
ബൈബിളിലെ മര്‍ക്കോസ് 9:44-48 വാക്യങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് വി.എസ്. പറഞ്ഞതിന്റെ സാരം ഏകദേശം ഇപ്രകാരമായിരുന്നു:
‘മാണീ, അങ്ങൊരു വിശ്വാസിയാണല്ലോ… പാപം ചെയ്തവര്‍ക്കുള്ള ശിക്ഷയെക്കുറിച്ച് ബൈബിളില്‍ പറയുന്നത് അങ്ങ് മറക്കരുത്. ‘അവിടെ അവരുടെ പുഴു ചാകുന്നില്ല; തീ കെട്ടുപോകുന്നതുമില്ല’ എന്ന നരകത്തെക്കുറിച്ചുള്ള വചനം അങ്ങയെ ഓര്‍മ്മിപ്പിക്കുന്നു.’
അന്ന് കെ.എം. മാണിയെ അഴിമതിയുടെ പര്യായമായി ചിത്രീകരിച്ച് വേട്ടയാടിയ സിപിഎം, ഇന്ന് അതേ മാണിയുടെ സ്മാരകത്തിനായി ചുവപ്പുനാട മാറ്റിവെക്കുമ്പോള്‍, അത് രാഷ്ട്രീയ മാന്യതയേക്കാളുപരി ശുദ്ധമായ അവസരവാദമായി മാറുന്നു. പഴയ നിലപാടുകളും പ്രസ്താവനകളും സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ‘കഴിച്ച ഉപ്പ് തികട്ടുന്ന’ അവസ്ഥയാണ് സൃഷ്ടിക്കുന്നത്.
കെ.എം. മാണിയോട് പെട്ടെന്നുണ്ടായ ഈ സ്നേഹം സിപിഎമ്മിന്റെ ഹൃദയത്തില്‍ നിന്നുള്ളതല്ല, മറിച്ച് മധ്യകേരളത്തിലെ വോട്ട് ബാങ്കില്‍ കണ്ണുവെച്ചുള്ള ബുദ്ധിപരമായ നീക്കമാണെന്ന് വ്യക്തം. ജോസ് കെ. മാണിയെയും കൂട്ടരെയും മുന്നണിയില്‍ നിലനിര്‍ത്താന്‍ സിപിഎം പഴയ തത്വദീക്ഷകള്‍ ബലികഴിക്കുന്നു. എന്നാല്‍, അന്ന് മാണിക്കെതിരെ സമരം നയിച്ച സിപിഎം നേതാക്കളും അണികളും ഇന്ന് അദ്ദേഹത്തെ മഹത്വവല്‍ക്കരിക്കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ ഉണ്ടാകുന്ന ജാള്യത ചെറുതല്ല.