
തിരുവനന്തപുരം: സി.പി.എം നേതാവ് എ.കെ. ബാലനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തര വകുപ്പ് ഭരിക്കുമെന്ന ബാലന്റെ പ്രസ്താവന കേരളത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു. സംഘപരിവാര്‍ കാലങ്ങളായി നടത്തുന്ന വര്‍ഗ്ഗീയ പ്രചാരണം ഇപ്പോള്‍ സി.പി.എം ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എ.കെ. ബാലന്റെ പ്രസ്താവന സി.പി.എം നേതൃത്വത്തിന്റെ കൃത്യമായ അറിവോടുകൂടിയുള്ളതാണ്. വെള്ളാപ്പള്ളി നടേശനും എ.കെ. ബാലനും ഒരേസമയം ഒരേ ശബ്ദത്തില്‍ സംസാരിക്കുന്നത് യാദൃശ്ചികമല്ല. കേരളത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനുള്ള സി.പി.എം-സംഘപരിവാര്‍ കൂട്ടുകെട്ടിന്റെ തെളിവാണിത്. ഇടതുമുന്നണിയിലെ പ്രമുഖ കക്ഷിയായ സി.പി.ഐയുടെ നേതാവ് ബിനോയ് വിശ്വം ഈ വര്‍ഗ്ഗീയ പ്രചാരണത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വയനാട്ടില്‍ മുന്നൂറിലേറെ വീടുകള്‍ നിര്‍മ്മിക്കുന്നത് യു.ഡി.എഫുമായി ബന്ധമുള്ളവരാണെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെതിരെ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. എന്നിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. അയ്യപ്പന്റെ സ്വര്‍ണ്ണം കവര്‍ന്നവര്‍ക്ക് സിപിഎം കുടപിടിക്കുകയാണെന്നും ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ കോടതിയില്‍ വന്നിട്ടും പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന ആവേശം ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.