കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വം പക്വമതികളുടെയും ചെറുപ്പക്കാരുടെയും ടീം; യുഡിഎഫിന്റെ ഐതിഹാസിക തിരിച്ചുവരവുണ്ടാകുമെന്ന് വി ഡി സതീശന്‍

Jaihind News Bureau
Thursday, May 8, 2025

പക്വമതികളുടെയും ചെറുപ്പക്കാരുടെയും ഒരു ടീമിനെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് എ.ഐ.സി.സി നേതൃത്വം നിയമിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഈ ടീം യു.ഡി.എഫിന്റെ ഐതിഹാസികമായ തിരിച്ചുവരവിന് നേതൃത്വം നല്‍കും. സന്തോഷകരമായ പ്രഖ്യാപനമാണ് കേന്ദ്ര നേതൃത്വത്തില്‍ നിന്നുണ്ടായതെന്നും അദ്ദേഹം വയനാട്ടില്‍ പറഞ്ഞു.

കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനും മൂന്നാം തവണയും എം.എല്‍.എയായും തുടരുന്ന നേതാവാണ് സണ്ണി ജോസഫ്. മികച്ച പാര്‍ലമെന്റേറിയനും സംഘാടകനും അഭിഭാഷനുമാണ് അദ്ദേഹം. നിയമസഭയില്‍ ഏത് സങ്കീര്‍ണമായ വിഷയവും അതിമനോഹരമായി അവതരിപ്പിക്കാന്‍ സണ്ണി ജോസഫിന് സാധിച്ചിട്ടുണ്ട്. എല്ലാ കഴിവുകളും പരിഗണിച്ചാണ് അദ്ദേഹത്തെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. മാധ്യമങ്ങളാണ് ഓരേ ദിവസവും ഓരോരുത്തരെ കെ.പി.സി.സി അധ്യക്ഷന്‍മാരായി പ്രഖ്യാപിച്ചത്. പിറ്റേ ദിവസമാകുമ്പോള്‍ അദ്ദേഹത്തിന്റെ തൂക്കം കുറഞ്ഞെന്നു പറഞ്ഞ് മറ്റൊരാളുടെ പേര് പറയും. മാധ്യമങ്ങള്‍ അല്ലാതെ കേരളത്തില്‍ ഏതെങ്കിലും ഒരു നേതാവ് കെ.പി.സി.സി അധ്യക്ഷനാകുമെന്ന് പറഞ്ഞിട്ടുണ്ടോ? അന്റോ ആന്റണി ഉള്‍പ്പെടെ നിരവധി പേരെ പരിഗണിച്ചിട്ടുണ്ട്.

കെ.പി.സി.സി അധ്യക്ഷന്‍ മാറുമ്പോള്‍ പഴയ കമ്മിറ്റി പൂര്‍ണമായും മാറും. സെക്രട്ടറിമാര്‍ മാറണോയെന്ന് കൂട്ടായി തീരുമാനിക്കും. എല്ലാ നേതാക്കളുമായും കൂടിയാലോചിച്ചതിനു ശേഷമാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്.

ഒരു സഭയും ആരുടെ പേരും പറഞ്ഞിട്ടില്ല. പതിവു പോലുള്ള സോഷ്യല്‍ ബാലന്‍സിങ് ഇത്തവണയും ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ പോലെയല്ല. എല്ലാ മത ജാതി വിഭാഗങ്ങളും കോണ്‍ഗ്രസിലുണ്ട്. ഒഴിവാക്കപ്പെട്ടെന്ന് ഒരു വിഭാഗങ്ങള്‍ക്കും തോന്നാത്ത തരത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

കെ. സുധാകരന്‍ സജീവമായി സംഘടയ്ക്ക് നേതൃത്വം നല്‍കി. ഞങ്ങള്‍ ഒന്നിച്ചാണ് എല്ലാ ചെയ്തുകൊണ്ടിരുന്നത്. എന്നിട്ടും മാധ്യമങ്ങള്‍ ഞങ്ങള്‍ തമ്മില്‍ പിണക്കത്തിലാണ് പറഞ്ഞത്. ചില മാധ്യമങ്ങള്‍ക്ക് കോണ്‍ഗ്രസ് മാത്രമാണ് ലക്ഷ്യം. ബി.ജെ.പിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍ ബി.ജെ.പിയില്‍ ചേര്‍ന്നിട്ട് എത്ര വര്‍ഷമായെന്ന് നിങ്ങള്‍ ആരെങ്കിലും ചര്‍ച്ച ചെയ്തോ? അദ്ദേഹം എങ്ങനെയാണ് എം.പി ആയത്? ഏത് പര്‍ട്ടിയാണ് അദ്ദേഹത്തെ പിന്തുണച്ചത്? മലയാളം അറിയാമെന്നും മുണ്ട് മടക്കിക്കുത്താന്‍ അറിയാമെന്നും പറയുന്ന അദ്ദേഹം ബി.ജെ.പിയുടെ ബൂത്ത് പ്രസിഡന്റായെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ? നാല്‍പ്പതും അറുപതും വര്‍ഷം പ്രവര്‍ത്തിച്ചവരെ മാറ്റി നിര്‍ത്തിയാണ് അദ്ദേഹത്തെ ബി.ജെ.പി പ്രസിഡന്റാക്കിയത്. എന്നിട്ടും നിങ്ങള്‍ അതേക്കുറിച്ച് ഒരു അന്തിചര്‍ച്ച വച്ചോ? അങ്ങനെയുള്ള മാധ്യമങ്ങള്‍ ഡി.സി.സി അധ്യക്ഷനും മൂന്ന് തവണ എം.എല്‍.എയും കോണ്‍ഗ്രസ് പാര്‍ലമെന്ററി അഫയേഴ്സ് കമ്മിറ്റി അംഗവുമായ സണ്ണി ജോസഫിനെ കുറിച്ച് ചോദിക്കരുത്.

യു.ഡി.എഫിനെ നൂറ് സീറ്റിലധികം നേടി അധികാരത്തില്‍ എത്തിക്കാനുള്ള പ്ലാന്‍ ഞങ്ങള്‍ക്കുണ്ട്. എല്ലാവരും ചേര്‍ന്നാണ് ആ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. ചെറുപ്പക്കാരും ചെറുപ്പക്കാരികളും ഉള്‍പ്പെടെയുള്ള മിടുക്കരുടെ ഒരു നിരയും കോണ്‍ഗ്രസിനുണ്ട്.