പ്രമേയം പാസാക്കിയത് ഇല്ലാത്ത അധികാരം ഉപയോഗിച്ച് ; ഭരണഘടനാസ്ഥാപനങ്ങളെ തകർക്കുന്ന നീക്കമെന്ന് വി.ഡി സതീശന്‍ | Video

 

തിരുവനന്തപുരം : കിഫ്ബിയെക്കുറിച്ചുള്ള സിഎജി പരാമർശം നീക്കണമെന്ന പ്രമേയം നിയമസഭയെയും സർക്കാരിനെയും ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിയിലാഴ്ത്തിയെന്ന് വി.ഡി സതീശൻ. ഓഡിറ്റിംഗ് പോലെയുള്ള സംവിധാനങ്ങളെ തകിടം മറിക്കുന്ന നീക്കമാണ് സർക്കാരിന്‍റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന് കൂട്ടുനില്‍ക്കാന്‍ പ്രതിപക്ഷത്തെ കിട്ടില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ധനമന്ത്രി ഗവർണർക്ക് വേണ്ടി സഭയിൽ വെച്ച റിപ്പോർട്ടിലെ പരാമർശങ്ങൾ നീക്കം ചെയ്യാൻ നിയമസഭയ്ക്ക് അധികാരമില്ല. ഇല്ലാത്ത അധികാരമാണ് ഭൂരിപക്ഷം ഉപയോഗിച്ച് സർക്കാർ സഭയില്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. ഇത്തരത്തില്‍ ഭൂരിപക്ഷം ഉപയോഗിച്ച് വിവാദ പരാമർശങ്ങള്‍ നീക്കം ചെയ്യാന്‍ സർക്കാരുകള്‍ ശ്രമിച്ചാല്‍ എന്താകും അവസ്ഥയെന്നും വി.ഡി സതീശന്‍ ചോദിച്ചു. ഇത് ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുന്നതിന് തുല്യമാണ്. റൂൾസ് ഓഫ് പ്രൊസീജിയർ സംരക്ഷിക്കേണ്ടത് സഭാനാഥനായ സ്പീക്കറാണ് എന്നതിനാൽ സ്പീക്കറുടെ റൂളിംഗ് പോലും വിവാദമാകും. പി.എ.സി പരിഗണിക്കേണ്ടത് ഗവർണർ സഭയുടെ മേശപ്പുറത്ത് വെച്ച റിപ്പോർട്ടാണ്.

ജനങ്ങളുടെ നികുതിപ്പണം എടുത്ത് ചെലവാക്കുമ്പോള്‍ നിലവിലുള്ള നിയമപ്രകാരവും ഭരണഘടനാപ്രകാരവുമാണോ, അഴിമതി നടന്നിട്ടുണ്ടോ ധനനഷ്ടമുണ്ടായിട്ടുണ്ടോ എന്നതൊക്കെ പരിശോധിക്കാന്‍ വേണ്ടിയാണ് ഓഡിറ്റിംഗ് നടത്തുന്നത്. അതില്‍ ഇഷ്ടമുള്ള ഭാഗം നിലനിർത്തുകയും വിയോജിപ്പുള്ള ഭാഗം പ്രമേയത്തിലൂടെ നീക്കം ചെയ്യുകയും ചെയ്യുന്നത് എന്ത് അനുചിതമായ കാര്യമാണെന്ന്  വി.ഡി സതീശന്‍ ചോദിച്ചു. രാജഭരണത്തിന് സമാനമായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ചരിത്രത്തിൽ ഏകാധിപതികൾ മാത്രം പറഞ്ഞ വാക്കുകൾ മുഖ്യമന്ത്രി സഭയെ നോക്കി പറഞ്ഞുവെന്നും വി.ഡി സതീശൻ ഓർമ്മപ്പെടുത്തി.

https://www.facebook.com/JaihindNewsChannel/videos/418764586031865

https://www.facebook.com/JaihindNewsChannel/videos/418764586031865

Comments (0)
Add Comment