മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കാന്‍ മത്സ്യതൊഴിലാളികളെ ഉള്‍പ്പെടുത്തി വിദഗ്ദ സമിതിയെ നിയോഗിക്കണം: വി.ഡി സതീശന്‍

Jaihind Webdesk
Tuesday, July 6, 2021

തിരുവനന്തപുരം : മുതലപ്പൊഴിയുടെ അശാസ്ത്രീയത പരിഹരിക്കാന്‍ മത്സ്യതൊഴിലാളികളെ ഉള്‍പ്പെടുത്തി വിദഗ്ദ സമിതിയെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. പൊഴിയില്‍ ട്രെട്ജ് ചെയ്തു മണ്ണ് മാറ്റുന്നതിലൂടെ നിര്‍മ്മാണത്തിലെ സാങ്കേതികമായ അപാകത പരിഹരിക്കാനാകും. അശാസ്തീയമായ നിര്‍മ്മാണം മൂലം അന്‍പത്തിയഞ്ചോളം മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോകുന്നതിനിടയില്‍ ഹാര്‍ബര്‍ മുഖത്ത് വെച്ചു മരണപ്പെട്ടത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

അഞ്ഞൂറോളം പേര്‍ക്ക് പരുക്ക് പറ്റി, ലക്ഷകണക്കിന് രൂപ വിലവരുന്ന എഞ്ചിനുകളും വള്ളങ്ങളും വലകളും നഷ്ടപ്പെട്ടു.ഇത് മത്സ്യതൊഴിലാളികളെ സംബന്ധിച്ച് താങ്ങാനാവുന്നതില്‍ അതികമാണ്. പുനര്‍ ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ഭവനം ഉറപ്പാക്കേണ്ട നടപടി സ്വീകരിക്കണമെന്നും തൊഴില്‍ നഷ്ട്ടപ്പെട്ടതെ അവര്‍ക്ക് അവശ്യമായ നഷ്ട്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുതലപ്പൊഴിയുടെ അപകടാവസ്ഥ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. സംഭവസ്ഥലം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.