ആര് എതിർത്താലും അവരുടെ സമനില തെറ്റി എന്ന് പറയുന്നു, എല്ലാവരുടെയും സമനില തെറ്റി എന്ന് പറയുന്നവരെയാണ് ഡോക്ടറെ കാണിക്കേണ്ടത്; പിണറായിക്ക് മറുപടിയുമായി വി.ഡി. സതീശൻ

Jaihind Webdesk
Sunday, April 21, 2024

തിരുവനന്തപുരം:  രാഹുല്‍ ഗാന്ധിക്കെതിരെ വിമർശനം ഉയർത്തിയതില്‍ പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.  പിണറായിയുടെയും മോദിയുടെയും ലക്ഷ്യം രാഹുല്‍ ഗാന്ധിയാണ്. ഇരുവരും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

രാഹുൽ ഒളിച്ചോടി എന്ന് മോദി പറയുന്നു, പിണറായിയും അത് തന്നെ ആണ് പറയുന്നത്.  ആര് എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്നത് അതാത് പാർട്ടികൾ അല്ലേ എന്ന് അദ്ദേഹം ചോദിച്ചു.  കണ്ണൂരിൽ മത്സരിക്കുന്ന സിപിഎം നേതാക്കളോട് എറണാകുളത്ത് വന്ന് മത്സരിക്കാൻ പറയാൻ പറ്റുമോ. അതേസമയം പിണറായി വിജയന്‍ പറയുന്നത് തന്‍റെ സമനില തെറ്റിയെന്നാണ്. പിണറായിയെ ആര് എതിർത്താലും അവരുടെ സമനില തെറ്റി എന്നാണ് പറയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നവകേരള സമയത്ത് 9 തവണ പിണറായി തനിക്ക് സമനില തെറ്റി എന്ന് പറഞ്ഞതാണ്. ഇങ്ങനെ എല്ലാവരുടെയും സമനില തെറ്റി എന്ന് പറയുന്നത് തന്നെ ഒരു പ്രശ്നമാണ്, അതിനാണ് ഡോക്ടറെ കാണിക്കേണ്ടതെന്നും വി.ഡി. സതീശൻ വിമർശിച്ചു.