‘തിരഞ്ഞെടുപ്പ് സ്റ്റണ്ട് പൊളിഞ്ഞു; പ്രതിപക്ഷ ആരോപണങ്ങൾ കോടതി ശരിവെച്ചു’; നവകേരള സർവേ വിധിയിൽ വി.ഡി. സതീശൻ

Jaihind News Bureau
Tuesday, February 17, 2026

നവകേരള സർവേ നിയമവിരുദ്ധമാണെന്ന ഹൈക്കോടതി വിധി പ്രതിപക്ഷം ഉന്നയിച്ചുപോന്ന ആരോപണങ്ങൾക്കുള്ള അടിവരയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ സംവിധാനങ്ങളെയും പൊതുമുതലിനെയും രാഷ്ട്രീയ പ്രചാരണങ്ങൾക്കായി ദുരുപയോഗം ചെയ്യുന്ന പിണറായി സർക്കാരിന്റെ രീതിക്ക് കോടതി കനത്ത പ്രഹരമാണ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സർക്കാർ ഉദ്യോഗസ്ഥരെ പാർട്ടി പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെ സതീശൻ ശക്തമായി വിമർശിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ആദിവാസി കോളനികളിൽ സർക്കാരിന്റെ ‘നേട്ടങ്ങൾ’ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധവും അധികാര ദുർവിനിയോഗവുമാണ്. ഇത്തരം വഴിവിട്ട നീക്കങ്ങൾ ജനാധിപത്യവിരുദ്ധമാണെന്ന് കോടതി തന്നെ വ്യക്തമാക്കിയത് സർക്കാരിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

സർക്കാർ സംവിധാനങ്ങളെ സി.പി.എമ്മിന്റെ പാർട്ടി പരിപാടികൾക്കായി മാറ്റുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ യു.ഡി.എഫ് ശക്തമായ നിയമപോരാട്ടവും ജനകീയ പ്രക്ഷോഭവും തുടരും. സർക്കാരിന്റെ ഇരട്ടത്താപ്പുകൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും സതീശൻ പാലക്കാട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.