തിരുവനന്തപുരം: കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുവാൻ സമഗ്രമായ കാർഷിക നയം സർക്കാർ രൂപപ്പെടുത്തണമെന്ന് പ്രതിപക്ഷം. കാർഷിക മേഖലയിലെ പ്രതിസന്ധികളും കാർഷിക മേഖലയോട് സർക്കാർ കാട്ടുന്ന അവഗണനയും അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം സഭയിലുയർത്തി. സർക്കാർ കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനവും വരൾച്ചയും കൃഷിനാശവും കാർഷിക മേഖലയുടെ നട്ടെല്ലൊടിച്ച് ആയിരക്കണക്കിന് കർഷകരെ കടക്കെണിയിൽ ആക്കുന്ന ഗുരുതരമായ പ്രതിസന്ധികളാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിലൂടെ സഭയിൽ ഉന്നയിച്ചത്. കർഷകന്‍റെ യഥാർത്ഥ നഷ്ടം മനസിലാക്കി സർക്കാർ പരിഹാരം കണ്ടെത്തുന്നില്ലെന്ന് വിഷയം സഭയിൽ അവതരിപ്പിച്ച കുറിക്കോളി മൊയ്തീൻ കുറ്റപ്പെടുത്തി.
കാലാവസ്ഥാ വ്യതിയാനത്തിന്‍റെ അടിസ്ഥാനത്തിൽ നയപരമായ ഒരു മാറ്റം കാർഷിക മേഖലയിൽ ഉൾപ്പെടെ വരുത്തണമെന്ന് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. ഗുരുതരമായ സ്ഥിതിവിശേഷമാണ് കാർഷിക മേഖലയിൽ നിലനിൽക്കുന്നതെന്നും
ആയിരം കോടിയിലേറെ രൂപയുടെ കൃഷിനാശം ആണ് വരൾച്ച ഉൾപ്പെടെയുള്ള വിവിധ പ്രതിസന്ധി മൂലം സംസ്ഥാനത്ത് ഉണ്ടായതെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. സമഗ്രമായ കാർഷിക നയവും നഷ്ടപരിഹാര പാക്കേജും സർക്കാർ പ്രഖ്യാപിക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
എന്നാൽ പതിവുപോലെ കേന്ദ്രത്തെ പഴിചാരിയും കാർഷിക മേഖലയ്ക്ക് നൽകിയ ചില സഹായങ്ങളുടെ കണക്ക് നിരത്തിയുമാണ് കൃഷിമന്ത്രി പ്രതിപക്ഷ ആരോപണങ്ങളെ നേരിട്ടത്. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിലും കർഷകരോട് സർക്കാർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചും പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.