16-ല്‍ 16-ഉം ലക്ഷ്യം; മലപ്പുറം ജില്ലയെ ഇളക്കിമറിച്ച് പ്രതിപക്ഷ നേതാവിന്റെ ‘പുതുയുഗ യാത്ര’

Jaihind News Bureau
Saturday, February 14, 2026

 

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന ‘പുതുയുഗയാത്ര’ മലപ്പുറം ജില്ലയില്‍ പ്രവേശിച്ചതോടെ യു.ഡി.എഫ് കേന്ദ്രങ്ങളില്‍ ആവേശക്കടലിരമ്പി. വന്‍ ജനസാഗരത്തെ സാക്ഷിയാക്കി നടന്ന സ്വീകരണ സമ്മേളനങ്ങളില്‍ സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മലപ്പുറത്തെ 16 നിയമസഭാ സീറ്റുകളിലും യു.ഡി.എഫ് വിജയിക്കണമെന്നും 100 ശതമാനം കരുത്തോടെ ജില്ല മുന്നണിക്ക് ഒപ്പം നില്‍ക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

കേരളത്തില്‍ ബോധപൂര്‍വ്വം വര്‍ഗീയത പടര്‍ത്താനും മലപ്പുറം ജില്ലയെ അപമാനിക്കാനും മുഖ്യമന്ത്രിയും എല്‍.ഡി.എഫ് സര്‍ക്കാരും ശ്രമിക്കുന്നതായി വി.ഡി. സതീശന്‍ ആരോപിച്ചു. ഡല്‍ഹിയില്‍ വെച്ച് ദേശീയ ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലൂടെ മലപ്പുറം ജില്ലയെ തീവ്രവാദ നിഴലില്‍ നിര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇത്തരം രാഷ്ട്രീയ നീക്കങ്ങളെ മലപ്പുറത്തെ ജനങ്ങള്‍ തിരിച്ചറിയുമെന്നും വിഭജന രാഷ്ട്രീയത്തിന് ഇവിടെ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലയിലെ പര്യടനം ഇന്നും ആവേശകരമായി തുടരും. ഇന്ന് രാവിലെ 10.30-ന് വേങ്ങരയിലാണ് യാത്രയ്ക്ക് ആദ്യ സ്വീകരണം നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ന്ന് വള്ളിക്കുന്നിലെ സ്വീകരണത്തിന് ശേഷം ഉച്ചഭക്ഷണത്തിനായി യാത്ര താല്‍ക്കാലികമായി വിശ്രമിക്കും. വൈകുന്നേരം മൂന്ന് മണിയോടെ തിരൂരങ്ങാടിയില്‍ നിന്നാണ് രണ്ടാം ഘട്ട പര്യടനം ആരംഭിക്കുക. തുടര്‍ന്ന് താനൂര്‍, തിരൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി തവനൂരില്‍ ഇന്നത്തെ യാത്ര സമാപിക്കും. വന്‍ സുരക്ഷാ സജ്ജീകരണങ്ങളും വിപുലമായ പ്രചാരണവുമാണ് ഓരോ കേന്ദ്രങ്ങളിലും ഒരുക്കിയിരിക്കുന്നത്.