‘ഖജനാവിലെ ചോർച്ചയടയ്ക്കും; കേരളത്തിന്റെ മുഖച്ഛായ മാറ്റും’; അരീക്കോട് ആവേശം വിതറി വി.ഡി സതീശന്‍റെ ‘പുതുയുഗയാത്ര

Jaihind News Bureau
Friday, February 13, 2026

അടുത്ത മാസം ഇടത് ഭരണം അധികാരത്തോട് സലാം പറയുമ്പോള്‍ 6 ലക്ഷം കോടി രൂപയുടെ  ഭീമമായ കടക്കെണിയിലേക്ക് മലയാളികളെ  തള്ളിയിട്ടിട്ടാണ് ഇറങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആരോപിച്ചു. സംസ്ഥാന ചരിത്രത്തിലുണ്ടായിട്ടില്ലാത്ത വിധം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളത്തെ എത്തിച്ചാണ് പിണറായി സർക്കാർ പടിയിറങ്ങുന്നത്. പുതുയുഗയാത്രയുടെ ഭാഗമായി മലപ്പുറം അരീക്കോട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുമൊരു പ്രതിപക്ഷമായി മാത്രമല്ല, ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്ന ഭരണപക്ഷമായി യുഡിഎഫ് ഉടൻ അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

തകർന്നടിഞ്ഞ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുദ്ധരിക്കുക എന്നത് യുഡിഎഫിന്റെ പ്രധാന ലക്ഷ്യമാണെന്ന് സതീശൻ പറഞ്ഞു. ഖജനാവിലെ ചോർച്ചകൾ പൂർണ്ണമായും അടയ്ക്കുമെന്നും തകർന്നുപോയ മേഖലകളെ ഉയരങ്ങളിലെത്തിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്നത് യുഡിഎഫിന്റെ ഉറച്ച വാക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി സർക്കാർ പരാജയപ്പെട്ട ഇടങ്ങളിൽ നിന്നെല്ലാം കേരളത്തെ കൈപിടിച്ചുയർത്തുന്ന പ്രവർത്തനങ്ങൾക്കാകും വരും നാളുകളിൽ മുൻഗണന നൽകുക.

പുതുയുഗയാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നതിന് മുൻപായി ജനപ്രിയമായ ഒട്ടേറെ പദ്ധതികൾ യുഡിഎഫ് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. നിലവിൽ വെന്റിലേറ്ററിലായ ആരോഗ്യമേഖലയെ പുനരുജ്ജീവിപ്പിക്കുമെന്നും യുഡിഎഫ് ഭരണത്തിൽ കേരളം അതിവേഗം മുന്നോട്ട് കുതിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ വർഗീയത പ്രചരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആർഎസ്എസിന്റെ വർഗീയ രാഷ്ട്രീയത്തെ സിപിഎം ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎമ്മിന്റെയും ബിജെപിയുടെയും വർഗീയ നിലപാടുകളെ തള്ളിക്കളഞ്ഞ് കേരളത്തിന്റെ മതേതര മനസ്സ് യുഡിഎഫിനെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നും സതീശൻ ഉറപ്പിച്ചു പറഞ്ഞു. അരീക്കോട്ടെ കൂറ്റൻ ജനവിഭാഗത്തെ സാക്ഷിനിർത്തിയാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയമുറപ്പാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.