ജനകീയ പ്രശ്നങ്ങൾക്ക് കാതോർത്ത് വി.ഡി. സതീശൻ; ഇന്ന് 5 കേന്ദ്രങ്ങളില്‍ സ്വീകരണം; പാലക്കാട് ജില്ലയിൽ പ്രയാണം തുടർന്ന് പുതുയുഗ യാത്ര

Jaihind News Bureau
Tuesday, February 17, 2026

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ പാലക്കാട് ജില്ലയിൽ ആവേശകരമായി മുന്നേറുന്നു. നാടിന്റെ സ്പന്ദനമറിഞ്ഞും ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾക്ക് കാതോർത്തും നീങ്ങുന്ന യാത്രയ്ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൻ ജനപങ്കാളിത്തമാണ് ലഭിക്കുന്നത്. സാധാരണക്കാരുടെ പരാതികൾ നേരിട്ട് കേട്ടും വികസന മുരടിപ്പിനെതിരെയുള്ള പോരാട്ടവീര്യം പകർന്നുമാണ് യാത്ര ഓരോ കേന്ദ്രങ്ങളിലും പര്യടനം നടത്തുന്നത്.

ഇന്ന് അഞ്ച് കേന്ദ്രങ്ങളിൽ സ്വീകരണം

ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായി ഇന്ന് അഞ്ച് പ്രധാന കേന്ദ്രങ്ങളിലാണ് യാത്രയ്ക്ക് സ്വീകരണം ഒരുക്കിയിരിക്കുന്നത്. രാവിലെ കുഴൽമന്ദം നിന്നും യാത്ര ആരംഭിച്ച് പെരിങ്ങോട്ടുകുറിശ്ശി, കൊല്ലങ്കോട്, തത്തമംഗലം, എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികൾക്ക് ശേഷം രാത്രി പാലക്കാട് സമാപിക്കും. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും യു.ഡി.എഫ് പ്രവർത്തകരും പൊതുജനങ്ങളും വലിയ ആവേശത്തോടെയാണ് പ്രതിപക്ഷ നേതാവിനെ വരവേൽക്കുന്നത്. സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതായി മാറുകയാണ് പാലക്കാട്ടെ ഓരോ സ്വീകരണ യോഗങ്ങളും.

ആവേശമായി പുതുയുഗ യാത്ര

കേരളത്തിന്റെ ഭാവി മാറ്റിമറിക്കാനുള്ള കർമ്മപദ്ധതികളുമായി മുന്നേറുന്ന പുതുയുഗ യാത്ര, രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി ജനശ്രദ്ധ ആകർഷിക്കുന്നുണ്ട്. പ്രാദേശികമായ കാർഷിക പ്രശ്നങ്ങൾ മുതൽ അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മകൾ വരെ യാത്രയിൽ ചർച്ചയാകുന്നു. പാലക്കാടിന്റെ മണ്ണിൽ യു.ഡി.എഫിന്റെ കരുത്ത് വിളിച്ചോതുന്ന ജനസഞ്ചയമാണ് വി.ഡി. സതീശനെ സ്വീകരിക്കാൻ ഓരോ കേന്ദ്രങ്ങളിലും അണിനിരക്കുന്നത്.