പ്രതിപക്ഷത്തിന് ഇനി പുതിയ മുഖം ; വി.ഡി സതീശന്‍ നയിക്കും

Jaihind Webdesk
Saturday, May 22, 2021

 

തിരുവനന്തപുരം : പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്തു. തീരുമാനത്തെ  സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വി.ഡി സതീശന് നന്നായി പ്രവർത്തിക്കാൻ സാധിക്കും. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസിലെ മികച്ച എം.എൽ.എയായ വി.ഡി സതീശൻ പറവൂരിൽ നിന്നും വൻ ഭൂരപക്ഷത്തിൽ വിജയിച്ചാണ് അഞ്ചാം തവണയും നിയമസഭയിലേക്കെത്തിയത്. നിയമസഭാ പിഎസി, എസ്റ്റിമേറ്റ്‌ കമ്മിറ്റികളുടെ അധ്യക്ഷനായിരുന്നു . എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.   എറണാകുളം മരട് സ്വദേശിയായ  സതീശൻ 2001ലാണ് പറവൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും ആദ്യം മത്സരിച്ചത്. സി.പി.ഐയിലെ കെ.എം.ദിനകരനായിരുന്നു എതിരാളി. 7,792 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അന്ന് അദ്ദേഹം വിജയിച്ചു. 2006ലും ദിനകരനെ തോല്പിച്ചു. 2011ലും, 2016 ലും പറവൂരിൽ നിന്നും വിജയം ആവർത്തിച്ചു. ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർധിപ്പിച്ചാണ് പറവൂരിൽ നിന്നും നിയമസഭയിലെത്തിയത്.

ഇത്തവണ സിപിഐയിലെ എം.ടി നിക്സണെ 21,301 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. 52% വോട്ടുകൾ നൽകിയാണ് അഞ്ചാം തവണയും സതീശനെ പറവൂരുകാർ നിയമസഭയിലേക്കയച്ചത്. അതിനൊപ്പമിതാ പ്രതിപക്ഷത്തെ നയിക്കാനുള്ള നേതൃസ്ഥാനവും പാർട്ടി വിശ്വസ്തതയോടെ വി.ഡി സതീശനെ ഏൽപ്പിച്ചിരിക്കുന്നു.

ഏത് വിഷയവും ആഴത്തിൽ പഠിക്കുകയും, നിയമസഭയിലും -പുറത്തും സമർത്ഥമായി അവതരിപ്പിക്കുകയും ചെയ്യുന്നതാണ് സതീശന്‍റെ വലിയ മികവ്. സാമ്പത്തിക വിഷയങ്ങളടക്കം സമർത്ഥമായി കൈകാര്യം ചെയ്യാൻ കഴിവുള്ള നേതാവാണ് വി.ഡി സതീശൻ എന്ന് പലതവണ തെളിയിച്ചിട്ടുണ്ട്.  ലോട്ടറി,​ മസാല ബോണ്ട്, കിഫ്ബി തുടങ്ങിയ വിഷയങ്ങളിൽ മുൻധനമന്ത്രി തോമസ് ഐസക്കുമായി ഏറ്റുമുട്ടിയത് അദ്ദേഹമായിരുന്നു. കേരള നിയമസഭ കണ്ട മികച്ച സാമാജികരുടെ ശ്രേണിയിലേക്ക് കഠിനാദ്ധ്വാനിയായ ഈ പാർലമെൻ്റേറിയൻ ചുരുങ്ങിയ കാലത്തിനിടെ ഉയർന്നുവന്നു.

നിരന്തരമായി ഗൃഹപാഠം ചെയ്ത് ആഴത്തിലുള്ള വായനയുടെ മികവോടെ പുതിയ ആശയങ്ങളും  നിർദ്ദേശങ്ങളും വിമർശനങ്ങളും അവതരിപ്പിക്കുന്ന അപൂർവം സാമാജികരിൽ ഒരാൾ. പാർട്ടിയിൽ ഡി.സി.സി ഭാരവാഹിത്വം മുതൽ കെ.പി.സി.സി വൈസ് പ്രസിഡന്‍റ്, എഐസിസി സെക്രട്ടറി പദവി വരെ വഹിച്ചിട്ടുണ്ട്. വരുന്ന 5 വർഷം പ്രതിപക്ഷ നേതാവിൻ്റെ കസേരയിൽ ഇരുന്ന് നാട് നന്നാവാൻ ജാഗ്രത പുലർത്തുന്നതിനൊപ്പം സർക്കാരിൻ്റെ തെറ്റുകൾ ചൂണ്ടിക്കാട്ടാനും, തിരുത്തിക്കാനും നേർവഴി കാട്ടികൊടുക്കാനും പറവൂരുകാരുടെ വി.ഡി സതീശൻ ജനങ്ങൾക്കൊപ്പം ഉണ്ടാവും.