പ്രളയത്തെ ലഘൂകരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയം; റിയൽ മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തണം : വി.ഡി സതീശൻ

മൺസൂൺ ആരംഭിക്കുന്നതിന് മുൻപായി പ്രളയ സാധ്യതകൾ മുന്നിൽ കണ്ട് പ്രളയത്തെ ലഘൂകരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് വി.ഡി സതീശൻ എം.എൽ.എ. സംസ്ഥാനം രണ്ട് പ്രളയത്തെ നേരിട്ടിട്ടും ഫ്ലഡ് പ്ലെയിൻ മാപ്പിംഗ് ഇതു വരെ നടത്താത്തത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തുടർച്ചയായി രണ്ട് വർഷങ്ങളിലുണ്ടായ പ്രളയങ്ങളെ നേരിട്ടിട്ടും പ്രാകൃതമായ സമീപനങ്ങളല്ലാതെ ശാസ്ത്രീയമായ മാറ്റങ്ങൾ ഒന്നും തന്നെ സർക്കാറും എജൻസികളും മുന്നോട്ട് വെക്കുന്നില്ല. പ്രളയം നേരിടാൻ മുന്നൊരുക്കങ്ങൾ നടത്തുന്ന ഡിപ്പാർട്ട്മെൻ്റുകൾ തമ്മിൽ ഏകോപനമില്ല. സർക്കാറിന്‍റെ മുന്നറിയിപ്പ് സംവിധാനം ദയനീയമാണെന്നും റിയൽ മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്നും വി.ഡി സതീശൻ എം.എൽ.എ പറഞ്ഞു.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും കൂടിയാലോചനകൾ നടത്തി ജില്ല ഭരണകൂടങ്ങളെയും ജനപ്രതിനിധികളെയും അറിയിക്കണം.  ഇനി ഒരു പ്രളയം താങ്ങാൻ സംസ്ഥാനത്തിന് കഴിയില്ലെന്നും നിരവധി തവണ നിയമസഭയിൽ പറഞ്ഞിട്ടും സർക്കാറിന് ഈ വിഷയത്തിൽ യാതൊരു കുലുക്കവുമില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.സംസ്ഥാനത്തെ ഡാമുകളിൽ മണലും ചെളിയും നിറഞ്ഞിരിക്കുകയാണെന്നും അടിയന്തരമായി അത് മാറ്റാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എം.എൽ.എമാരായ ടി.ജെ.വിനോദ്, അൻവർ സാദത്ത്, റോജി എം.ജോൺ എന്നിവരും വാർത്ത സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

https://www.facebook.com/JaihindNewsChannel/videos/269129744340212/

VD Satheesan
Comments (0)
Add Comment