തിരുവനന്തപുരം: കണ്ണൂരിലെ ബോംബ് സ്ഫോടനത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിങ്ങള്‍ ഏത് യുഗത്തിലാണ് ജീവിക്കുന്നതെന്നാണ് മുഖ്യമന്ത്രിയോടും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയോടും ചോദിക്കാനുള്ളതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. നമ്മള്‍ ജീവിക്കുന്ന കാലവുമായി നിങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. ഇരുപത്തിയഞ്ചും അന്‍പതും കൊല്ലം മുന്‍പ് ജീവിക്കേണ്ട ഒരു കാലത്തിലേതു പോലെയാണ് നിങ്ങള്‍ ഇപ്പോഴും കാര്യങ്ങള്‍ ചെയ്യുന്നതെന്ന് വി.ഡി. സതീശന്‍ സഭയില്‍ പരിഹസിച്ചു.
കുടില്‍ വ്യവസായം പോലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ബോംബ് ഉണ്ടാക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എത്ര നിരപരാധികളാണ് കൊല ചെയ്യപ്പെട്ടതെന്നും സ്വന്തം പാര്‍ട്ടിക്കാരല്ലേ കൊല ചെയ്യപ്പെട്ടതെന്നും അദ്ദേഹം ചോദിച്ചു. കുഞ്ഞുക്കള്‍ക്ക് പരിക്ക് പറ്റിയതിന്‍റെയും മരിച്ചതിന്‍റെയും പട്ടിക എന്‍റെ കയ്യിലുണ്ടെന്ന് വി.ഡി. സതീശന്‍ വ്യക്തമാക്കി. ഐസ്‌ക്രീം പാത്രത്തില്‍ ബോംബ് വെച്ചപ്പോള്‍ അത് ഐസ്‌ക്രീം ആണെന്നു കരുതി കളിക്കളത്തില്‍ വച്ച് തുറന്ന് പരിക്കേറ്റ എത്ര കുട്ടികളുണ്ട്. ഇങ്ങനെയെങ്കില്‍ സ്റ്റീല്‍ പാത്രങ്ങള്‍ പ്രത്യേക സാഹചര്യത്തില്‍ കണ്ടാല്‍ തുറന്നു നോക്കരുതെന്ന നിര്‍ദ്ദേശം കൂടി സര്‍ക്കാര്‍ കണ്ണൂരിലെ ജനങ്ങള്‍ക്ക് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ പറമ്പില്‍ തേങ്ങ പെറുക്കാന്‍ പോയ വയോധികനാണ് സ്റ്റീല്‍ പാത്രം തുറന്നപ്പോള്‍ ബോംബ് പൊട്ടി മരിച്ചത്. മുഖം പോലും വികൃതമായിപ്പോയി. എത്ര ക്രൂരമായ രീതിയിലാണ് നിരപരാധി കൊല ചെയ്യപ്പെട്ടതെന്ന് വി.ഡി. സതീശന്‍ ചോദിച്ചു.
നിങ്ങള്‍ ആര്‍ക്കെതിരെയാണ് ബോംബ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. രണ്ട് പാര്‍ട്ടി ഗ്രാമങ്ങളിലെ സിപിഎമ്മിലെ തന്നെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് ബോംബ് ഉണ്ടാക്കിയത്. സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ എറിയാന്‍ നിര്‍മ്മിച്ച ബോംബാണ് പൊട്ടിയതെന്ന് ആര്‍ക്കാണ് അറിയാത്തത്. സിപിഎം നേതാക്കളുടെ തന്നെ നിയന്ത്രണത്തിലുള്ള രണ്ട് ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സംഘം പകരം ചോദിക്കാന്‍ വരുമ്പോള്‍ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് കര്‍ഷക സംഘം ഓഫീസിന് പിന്നില്‍ ബോംബ് ഉണ്ടാക്കി വെച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിങ്ങള്‍ ഇനിയെങ്കിലും ആയുധം താഴെ വെയ്ക്കെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ ആശയപരമായ പോരാട്ടത്തിലേക്ക് വരൂ. പരിഷ്‌കൃത സമൂഹത്തിന് മുഴുവന്‍ അപമാനകരമായ കാര്യങ്ങളാണ് കേരളത്തില്‍ സിപിഎം ചെയ്തു കൊണ്ടിരിക്കുന്നതെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. ക്രിമിനലുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.