‘പ്രധാനമന്ത്രിയല്ല, ജലീല്‍ തിരുവനന്തപുരത്തേക്ക് വരുന്നതിനാണ് ഈ സന്നാഹം; അത്ര വിലപിടിപ്പുള്ള മൊതലല്ലേ’ : പരിഹസിച്ച് വി.ഡി സതീശന്‍

Jaihind News Bureau
Sunday, September 13, 2020

 

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള മന്ത്രിയുടെ യാത്രയിലുടനീളം കനത്ത പൊലീസ് സന്നാഹമാണ് വഴിയിലെങ്ങും. മന്ത്രി കെ.ടി ജലീലിന്‍റെ യാത്രയെ പരിഹസിച്ച് വി.ഡി സതീശന്‍ എം.എല്‍.എ രംഗത്തെത്തി.

എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ വഴിയിലുടനീളമുള്ള പൊലീസ് സന്നാഹത്തിന്‍റെ കാരണം അന്വേഷിച്ചപ്പോഴാണ് പ്രധാനമന്ത്രി വരുന്നതിനല്ല, മന്ത്രി കെ.ടി ജലീലിനെ പ്രതിഷേധത്തില്‍ നിന്ന് രക്ഷിക്കാനുള്ള സുരക്ഷയൊരുക്കുന്നതാണെന്ന് മനസിലായത്.  അത്ര വിലപിടിപ്പുള്ള മുതലല്ലേ വരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

വി.ഡി സതീശന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ് :

ഞാൻ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയാണ്. വഴിയിൽ മുഴുവൻ ഇന്ത്യൻ പ്രസിഡണ്ടോ പ്രധാനമന്ത്രിയോ വരുന്നതു പോലെയുള്ള പോലീസ് സന്നാഹമാണ്.
അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് മന്ത്രി ജലീൽ തിരുവനന്തപുരത്തേക്ക് വരുകയാണെന്ന്.!!
പോലീസ് അക്ഷരാർത്ഥത്തിൽ മതിലു കെട്ടി കൊണ്ടുവരുകയാണ്.

അത്ര വിലപിടിപ്പുള്ള മൊതലല്ലേ വരുന്നത് !!!

 

തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ മന്ത്രി കെ.ടി ജലീലിന് നേരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. മലപ്പുറം വളാഞ്ചേരിയിലെ വീട്ടിൽ നിന്ന് യാത്ര ആരംഭിച്ച മന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു മന്ത്രിയുടെ യാത്ര. യാത്രയ്ക്കിടെ തവനൂരിലെ കൃഷിയിടം സന്ദർശിച്ച മന്ത്രി തനിക്ക് പറയാനുള്ളതെല്ലാം ഫെയ്‌സ്ബുക്കിൽ പറയുമെന്ന് പ്രതികരിച്ചു.

 

teevandi enkile ennodu para