‘ആകെ പരിഭ്രമവും വെപ്രാളവും; സിപിഎമ്മിന്‍റെ കിളി പോയെന്ന് സംശയം’: പ്രതിപക്ഷ നേതാവ്

കൊച്ചി: വയനാട്ടിൽ എസ്എഫ്ഐ ഏറ്റെടുത്ത് നടത്തിയത് ബിജെപിയുടെ ക്വട്ടേഷനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എസ്എഫ്ഐക്കാർ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നിന്ന് ഫയലുകൾ കടത്തിയെന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മിന് എന്തോ സംഭവിച്ചിട്ടുണ്ട്. പരിഭ്രമവും ഭീതിയും കാട്ടുകയാണ്.  കിളി പോയെന്ന് സംശയമുണ്ടെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

“സിപിഎം ആരോടാണ് പ്രതിഷേധിക്കുന്നത്? ഇതിപ്പോൾ കന്‍റോൺമെന്റ് ഹൗസിലേക്ക് മാർച്ച് നടത്തിയതു പോലെയായി. ഞാൻ അല്ലല്ലോ കറൻസി വിദേശത്തേക്കു കൊണ്ടുപോയത്. എനിക്കെതിരെ ആരോപണം ഉണ്ടോ? എന്‍റെ വീട്ടിലേക്ക് ബിരിയാണി ചെമ്പ് കൊണ്ടുവന്നെന്ന് ആരോപണം ഉണ്ടോ? പക്ഷേ സിപിഎം എന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തി. അതുപോലെ വയനാട്ടിൽ പ്രതിഷേധം നടത്തുന്നു. ആർക്കെതിരെ? അന്തരീക്ഷത്തിൽ നോക്കിയോ? ഇവർക്കിത് എന്തുപറ്റി? മൊത്തത്തിൽ കിളിപറന്നുപോയ പോലെയുണ്ട്”– പ്രതിപക്ഷ നേതാവ് പറഞ്ഞു.

ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ വൈദ്യുതി ചാര്‍ജ് കൂട്ടരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സര്‍ക്കാരിന്‍റെ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ബാധ്യത കെഎസ്ഇബി സാധാരണക്കാരുടെ മേൽ നിരക്കുവർധനയുടെ രൂപത്തിൽ അമിതഭാരമായി അടിച്ചേൽപ്പിക്കുകയാണ്. ബാധ്യതകൾ മറച്ചുവെച്ചാണ് സർക്കാരിന്‍റെ ധൂർത്ത്. സംസ്ഥാനത്തിന്‍റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Comments (0)
Add Comment