കൊച്ചി: തനിക്കെതിരായ വിജിലൻസ് കേസിനെ എതിർക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഹൈക്കോടതി പോലും നോട്ടീസയക്കാതെ തള്ളിയ വിഷയത്തിലാണ് തനിക്കെതിരെ കേസെടുത്തതെന്നും വി.ഡി സതീശൻ പറഞ്ഞു. അമേരിക്കയിൽ നിന്നും മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിക്കുമ്പോൾ വിജിലൻസ് കേസെടുത്തതറിഞ്ഞ് താൻ പേടിച്ചതായി പറയണമെന്നും വി.ഡി സതീശൻ പരിഹസിച്ചു.
ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ കേസെടുക്കാൻ ഞാൻ തന്നെ വെല്ലു വിളിച്ചതാണ്. പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തിൽ കഴമ്പില്ലെന്ന് മുഖ്യമന്ത്രിക്ക് തന്നെ ബോധ്യപ്പെട്ടതാണ്. മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് നടത്തിയ പണപ്പിരിവിനെ വിമർശിച്ചതിന്‍റെ പേരിലാണ് ഇപ്പോൾ വിജിലൻസ് കേസെടുത്തതെന്നും ഏതന്വേഷണത്താടും സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു പണപ്പിരിവും നടത്തിയിട്ടില്ല. പ്രളയത്തിൽ തകർന്ന പറവൂരിനെ കൈപിടിച്ചുയർത്താൻ തയാറായ വിവിധ ഏജൻസികൾ നേരിട്ടാണ് പ്രവർത്തനങ്ങൾ നടത്തിയത്. താൻ നടത്തിയ വിദേശയാത്രയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത കൊടുക്കുന്നവർക്ക് തന്‍റെ പാസ്പോർട്ട് തരാമെന്നും ആർക്കും അത് പരിശോധിക്കാമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.