‘ഇടതുണ്ടെങ്കിലെ ഇന്ത്യയുള്ളൂ എന്നുപറഞ്ഞ മുഖ്യമന്ത്രി സിംഗപ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതാകാം’; പരിഹസിച്ച് വി.ഡി. സതീശന്‍

Saturday, May 11, 2024

 

വടകര: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശ യാത്രക്കെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇടതുണ്ടെങ്കിലെ ഇന്ത്യയുള്ളൂ എന്ന് പറഞ്ഞു നടന്ന പിണറായി വിജയൻ  ഇടതുപക്ഷം മത്സരിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ പോയില്ലെന്നാണ് പരിഹാസം. മുഖ്യമന്ത്രി സിംഗപ്പൂരിലെ തിരഞ്ഞെടെുപ്പ് പ്രചരണത്തിന് പോയതാകാമെന്ന് അദ്ദേഹം പരിഹസിച്ചു. വടകരയിൽ സിപിഎം വർഗീയതക്കെതിരെ യുഡിഎഫ് ആർഎംപി നേതൃത്വത്തിലുള്ള ജനകീയ ക്യാമ്പയിനിലായിരുന്നു വി.ഡി. സതീശന്‍റെ പ്രതികരണം.

വടകരയില്‍ എല്‍ഡിഎഫ് വലിയ വോട്ടുകള്‍ക്ക് തോല്‍ക്കുമെന്നും സിപിഎം തുടരുന്ന വര്‍ഗീയ പ്രചരണത്തിന്‍റെ ഗുണം ലഭിക്കുക വര്‍ഗീയ കക്ഷികള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മിൽ അന്തർധാര അല്ല, ഇപ്പൊൾ ബിസിനസ് പങ്കാളികളായിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു. സിപിഎമ്മിന്‍റെ ഇപ്പോഴത്തെ അവസ്ഥ അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന ചൊല്ല് പോലെയാണ്. വർഗീയത പറയുന്ന ബിജെപിയും വടകരയിലെ സിപിഎമ്മും തമ്മിൽ ഒരു വ്യത്യാസവും ഇല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, വടകര പാർലമെന്‍റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പില്‍, ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീണ്‍കുമാർ,  മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള, ആർഎംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു, എന്‍.വി. ബാലകൃഷ്ണന്‍, സിഎംപി നേതാവ് സി.എ. അജീർ, കെ.സി. ഉമേഷ് ബാബു എന്നിവർ പരിപാടിയില്‍ പങ്കെടുത്തു.