‘സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ പ്രതിപക്ഷത്തിന് മറുപടി പറയേണ്ടിവരും’ ; സ്പീക്കർക്ക് പ്രതിപക്ഷ നേതാവിന്‍റെ മുന്നറിയിപ്പ്

Jaihind Webdesk
Tuesday, May 25, 2021

 

തിരുവനന്തപുരം :  സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കർ എം.ബി രാജേഷിന്‍റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രസ്താവന വേദനിപ്പിച്ചെന്നും അങ്ങനെ വന്നാല്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രസ്താവന സ്പീക്കര്‍ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടവരില്‍ നിന്നും ഉണ്ടായിട്ടില്ല. സഭയുടെ സുഗമമായ പ്രവര്‍ത്തനത്തിന് പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടാകുമെന്നും സ്പീക്കർക്ക് ആശംസകള്‍ നേർന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം കേരള നിയമസഭയുടെ 23-ാം സ്പീക്കറായി എം.ബി രാജേഷിനെ തെരഞ്ഞെടുത്തു. 96 വോട്ടുകള്‍ നേടി. യുഡിഎഫ് സ്ഥാനാർത്ഥി പി.സി വിഷ്ണുനാഥിന് 40 വോട്ടുകള്‍ ലഭിച്ചു. ആകെ 136 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്.ആരോഗ്യ കാരണങ്ങളാൽ ഇന്നലെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്ത 3 പേർ വോട്ടു ചെയ്തില്ല.

മന്ത്രി വി അബ്ദുറഹ്മാൻ, കോവളം എംഎൽഎ എം വിൻസെന്‍റ്, നെന്മാറ എംഎൽഎ കെ ബാബു എന്നിവരാണ് ഇന്നെത്താതിരുന്നത്. രാവിലെ 9ന് വോട്ടെടുപ്പ് ആരംഭിച്ചു. സഭയ്ക്കുള്ളിൽ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം സജ്ജീകരിച്ച 2 ബൂത്തുകളിൽ ബാലറ്റിലൂടെയാണ് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയത്.