‘സിപിഎമ്മിന് രക്തസാക്ഷികള്‍ ലോട്ടറി അടിച്ച പോലെ’; ദുര്‍ഭരണത്തിന് അന്ത്യം കുറിക്കാന്‍ ജനങ്ങള്‍ തയ്യാറെടുക്കുന്നുവെന്ന് വി.ഡി. സതീശന്‍

Jaihind News Bureau
Saturday, February 7, 2026

കണ്ണൂര്‍: കേരളത്തില്‍ നിലനില്‍ക്കുന്ന പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് അന്ത്യം കുറിക്കാനുള്ള ഒരു മഹാവിപ്ലവത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ‘പുതുയുഗ യാത്ര’യുടെ ഭാഗമായി കണ്ണൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഭരണകൂടത്തിന്റെ ദൂര്‍ത്തിനും അഴിമതിക്കുമെതിരെയുള്ള ജനവികാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാധാരണക്കാരുടെ വിയര്‍പ്പായ നികുതിപ്പണം സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു. ഖജനാവില്‍ വലിയ രീതിയിലുള്ള ‘ലീക്കേജ്’ ആണ് സംഭവിക്കുന്നത്. സംസ്ഥാനത്ത് ഭരണമില്ലാത്ത അവസ്ഥയാണെന്നും ഒരു സര്‍ക്കാരിന്റെ അഭാവമാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. യുഡിഎഫ് വെറുമൊരു പ്രതിപക്ഷം മാത്രമല്ല, കേരളം വരാനിരിക്കുന്ന കാലത്ത് ഭരിക്കാന്‍ പോകുന്ന മുന്നണിയാണെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവെച്ചു.

വര്‍ഗീയത പറയിപ്പിക്കുക എന്നുള്ളതാണ് ഇപ്പോള്‍ സിപിഎമ്മിന്റെ പ്രധാന ജോലിയെന്ന് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. ‘ഭാവിതലമുറയ്ക്ക് സമാധാനത്തോടെ ജീവിക്കാന്‍ കഴിയണമെങ്കില്‍ വര്‍ഗീയത ഇല്ലാതാവണം. മതേതരത്വത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെപ്പോലുള്ള ഉന്നത വ്യക്തിത്വങ്ങളെ നാം മാതൃകയാക്കണം,’ അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെയും രക്തസാക്ഷിത്വത്തെയും വി.ഡി. സതീശന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ‘സിപിഎമ്മിനെ സംബന്ധിച്ച് ഒരു രക്തസാക്ഷിയെ കിട്ടുക എന്നത് ലോട്ടറി അടിച്ച പോലെയാണ്. ആ മരണം ആഘോഷിക്കാനാണ് അവര്‍ക്ക് താല്പര്യം. രക്തസാക്ഷികളുടെ കുടുംബം പോലും വെറുക്കുന്ന പാര്‍ട്ടിയായി സിപിഎം ഇന്ന് മാറിയിരിക്കുന്നു,’ സതീശന്‍ തുറന്നടിച്ചു. കണ്ണൂരില്‍ പുതുയുഗ യാത്രയ്ക്ക് ലഭിച്ച അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തം ഭരണമാറ്റത്തിനുള്ള ഉറച്ച സൂചനയാണെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.