വിനോദിനിക്ക് വീണ്ടും പ്രതിപക്ഷ നേതാവിന്റെ കൈത്താങ്ങ്; വീട് വയ്ക്കാന്‍ സ്ഥലം നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായി

Jaihind News Bureau
Thursday, February 5, 2026

 

പാലക്കാട്: ചികിത്സാ പിഴവിനെത്തുടര്‍ന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന പല്ലശ്ശന സ്വദേശി വിനോദിനിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഇടപെടലിലൂടെ വീണ്ടും കൈത്താങ്ങ്. വിനോദിനിക്കും കുടുംബത്തിനും വീട് നിര്‍മ്മിക്കാനായി വാങ്ങി നല്‍കുന്ന ഭൂമിയുടെ രേഖകള്‍ ഈ മാസം 17-ന് കൈമാറും. പാലക്കാട് വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ചായിരിക്കും രേഖകള്‍ നല്‍കുക.

കാരുണ്യത്തിന്റെ കരം പിടിച്ച് സംഘടനകള്‍ കേരള സെല്‍ഫ് ഗവണ്‍മെന്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിനോദിനിക്ക് വീട് വയ്ക്കാനുള്ള സ്ഥലം വാങ്ങി നല്‍കുന്നത്. നേരത്തെ കുട്ടിക്ക് കൃത്രിമ കൈ വച്ചുനല്‍കുമെന്നും കുടുംബത്തിന് വീടും സ്ഥലവും ഉറപ്പാക്കുമെന്നും വി.ഡി. സതീശന്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതില്‍ ആദ്യ ഘട്ടമായ കൃത്രിമ കൈ കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് കുട്ടിക്ക് ഘടിപ്പിച്ചു. ഇതിനാവശ്യമായ ലക്ഷക്കണക്കിന് രൂപ പ്രതിപക്ഷ നേതാവ് നേരിട്ടാണ് ലഭ്യമാക്കിയത്.

സെപ്റ്റംബര്‍ 30-നാണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ വീണ് കൈ ഒടിഞ്ഞ വിനോദിനി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാ പിഴവിനെത്തുടര്‍ന്ന് കുട്ടിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്നു. തുടര്‍ന്ന് സാമ്പത്തികമായി തകര്‍ന്ന കുടുംബം കൃത്രിമ കൈയ്ക്കായി സഹായം തേടിയെങ്കിലും സര്‍ക്കാര്‍ തലത്തില്‍ നിന്ന് രണ്ട് ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. പിന്നാലെയാണ് വി.ഡി. സതീശന്‍ കുട്ടിയുടെ മുഴുവന്‍ ചികിത്സാ കാര്യങ്ങളും ഏറ്റെടുത്തത്.

വീണ്ടും പുഞ്ചിരിയോടെ വിനോദിനി പുതിയ കൃത്രിമ കൈ ലഭിച്ചതോടെ ജീവിതത്തിലേക്ക് ആത്മവിശ്വാസത്തോടെ മടങ്ങുകയാണ് ഈ ഒന്‍പത് വയസ്സുകാരി. ഇനി സ്‌കൂളില്‍ പോകാനും പടം വരയ്ക്കാനും നൃത്തം ചെയ്യാനുമെല്ലാം തനിക്ക് കഴിയുമെന്ന സന്തോഷത്തിലാണ് വിനോദിനി. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ വിനോദിനിയുടെ കുടുംബത്തിന്റെ വലിയൊരു പ്രതിസന്ധിക്കാണ് പരിഹാരമാകുന്നത്.