വാക്കുകൾ ഇടറി, പ്രിയപ്പെട്ടവർക്ക് മുന്നിൽ വികാരാധീനനായി പ്രതിപക്ഷ നേതാവ്; ഹൃദയബന്ധത്തിന്റെ നേർക്കാഴ്ചയായി പുതുയുഗ യാത്ര

Jaihind News Bureau
Friday, February 20, 2026

പുതുയുഗ യാത്രയുടെ ഭാഗമായി സ്വന്തം തട്ടകമായ പറവൂരിൽ എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സ്വീകരിക്കാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ. സായംസന്ധ്യയിൽ പറവൂർ മുനിസിപ്പൽ ജംഗ്ഷനിൽ നടന്ന സ്വീകരണ യോഗം ഒരു ജനപ്രതിനിധിയും വോട്ടർമാരും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ നേർക്കാഴ്ചയായി മാറി. പ്രിയ നേതാവിനെ വരവേൽക്കാൻ സിനിമാ താരങ്ങളായ സലിം കുമാറും ധർമ്മജൻ ബോൾഗാട്ടിയും ഉൾപ്പെടെയുള്ള പ്രമുഖർ എത്തിയിരുന്നു.

പ്രസംഗിക്കാനായി എഴുന്നേറ്റ വി.ഡി. സതീശൻ തികച്ചും വികാരാധീനനായാണ് സംസാരിച്ചത്. കാൽനൂറ്റാണ്ടായി തന്നെ ചേർത്തുപിടിക്കുന്ന പറവൂരിലെ വോട്ടർമാരെ അഭിസംബോധന ചെയ്തപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ഇടറുകയും കണ്ണുകൾ നിറയുകയും ചെയ്തു. കഴിഞ്ഞ 25 വർഷമായി താൻ മുറുകെപ്പിടിക്കുന്ന രാഷ്ട്രീയ മൂല്യങ്ങളെക്കുറിച്ച് അദ്ദേഹം വൈകാരികമായി സംസാരിച്ചു. ഓരോ അഞ്ച് വർഷം കൂടുമ്പോഴും മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ ‘കണക്കുപുസ്തകം’ ഓരോ വീട്ടിലും എത്തിച്ച ശേഷമേ താൻ പത്രിക സമർപ്പിക്കാറുള്ളൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാന വ്യാപകമായി മറ്റ് മണ്ഡലങ്ങളിൽ പ്രചാരണത്തിന് പോകേണ്ടതുണ്ടെന്ന് അദ്ദേഹം വോട്ടർമാരെ അറിയിച്ചു. അതിനാൽ ഇത്തവണ പറവൂരിലെ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല വോട്ടർമാർ ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. രാഷ്ട്രീയ ഭേദമന്യേ മണ്ഡലം നൽകിയ വമ്പിച്ച സ്വീകരണം വരാനിരിക്കുന്ന പോരാട്ടത്തിൽ തനിക്ക് നൽകുന്ന ആത്മവിശ്വാസം വലുതാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.