നിങ്ങളെയോർത്ത് ഞാൻ ചിരിക്കണോ അതോ കരയണോ? ആരോപണം ഉന്നയിക്കുവാൻ അനുമതി നൽകിയ മുഖ്യമന്ത്രിയോട് എനിക്ക് സഹതാപമെന്ന് പ്രതിപക്ഷ നേതാവ്

Wednesday, January 31, 2024

തനിക്കെതിരെ പി വി അൻവർ ഉയർത്തിയ ആരോപണത്തെ പരിഹസിച്ചു തള്ളി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ . നിങ്ങളെയോർത്ത് ഞാൻ ചിരിക്കണോ അതോ കരയണോ എന്ന് പ്രതിപക്ഷ നേതാവ് സഭയിൽ ചോദിച്ചു. ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കുവാൻ അനുമതി നൽകിയ മുഖ്യമന്ത്രിയോട് എനിക്ക് സഹതാപമെന്നും പ്രതിപക്ഷ നേതാവ്.

എല്ലാ രാജകൊട്ടാരങ്ങളിലും വിദൂഷകന്മാർ ഉണ്ടായിട്ടുണ്ട്. അത്തരക്കാരെ തിരിച്ചറിയാനുള്ള കഴിവാണ് ഭരണാധികാരികൾക്ക് വേണ്ടത്. സൂര്യനാണ് ചന്ദ്രനാണ് എന്നൊക്കെ പറഞ്ഞാൽ അത് പാടെ വിശ്വസിക്കുകയാണ് മുഖ്യമന്ത്രി. കെ റെയിൽ വന്നിരുന്നു എങ്കിൽ ഐടി രംഗം കുതിച്ചു ഉയരും. കർണാടക ഐടി തകരും അതുകൊണ്ട് അവിടത്തെ കമ്പനികൾ എന്നെ കൂട്ടു പിടിച്ചു എന്നാണ് പിവി അൻവറിന്‍റെ ആരോപണം. ഇതില്‍ ചിരിക്കണോ കരയണമെന്നോ അറിയില്ല. ആരോപണമുന്നയിച്ച ആളെ കുറിച്ച് ഒന്നും പറയുന്നില്ല. ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.മുഖ്യമന്ത്രി സഭാ നേതാവ് അല്ലേ? മുഖ്യമന്ത്രിയോട് സഹതാപം തോന്നുകയാണെന്നും വി.ഡി സതീശൻ പരിഹസിച്ചു.

കെ.സി വേണുഗോപാലിനെതിരെ ഉയർന്ന ആരോപണം സഭാ രേഖയിൽ നിന്ന് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തുടർന്ന് മാസപ്പടി വിവാദം പ്രതിപക്ഷ നേതാവ് വീണ്ടും സഭയിൽ ഉയർത്തി. രണ്ട് സ്റ്റാറ്റ്യൂട്ടറി ബോഡികളുടെ കണ്ടെത്തലാണ് മുഖ്യമന്ത്രി അന്ന് സഭയിൽ കള്ളം പറഞ്ഞ് തള്ളിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.