തിരുവനന്തപുരം: പൂക്കോട് വെറ്റനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ പ്രതികളായ എസ്എഫ്ഐക്കാരെ രക്ഷിക്കാനുളള ശ്രമമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേസ് അട്ടിമറിച്ച് എസ്.എഫ്.ഐ ക്രിമിനലുകളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. മകനെ കൊന്ന് കെട്ടിത്തൂക്കിയത് എസ്.എഫ്.ഐക്കാരാണെന്ന് മാതാപിതാക്കള്‍ പറഞ്ഞിട്ടും വിദ്യാര്‍ത്ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും തര്‍ക്കം മാത്രമാണെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്. ഇത് എസ്.എഫ്.ഐയെ ഒഴിവാക്കാനുള്ള ഹീനശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
ഹോസ്റ്റലിന്‍റെ നടുത്തളത്തില്‍ നൂറ്റി മുപ്പതോളം വിദ്യാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ അതിക്രമം നടന്നിട്ടും ഹോസ്റ്റല്‍ വാര്‍ഡനും ഡീനും അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല. ക്രൂരമായ കുറ്റകൃത്യം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയ ഡീനിനെ കേസില്‍ പ്രതി ചേര്‍ക്കണം. കൊലപാതകം മൂടി വയ്ക്കാനും പ്രതികളെ സംരക്ഷിക്കാനും ഡീനും സി.പി.എം അനുകൂല സംഘടനയില്‍ ഉള്‍പ്പെട്ട അധ്യാപകരും നടത്തിയ ശ്രമത്തെ കുറിച്ചും അന്വേഷിക്കണം. അന്വേഷണം നടത്തുമ്പോള്‍ ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകരെ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.
നവകേരള സദസില്‍ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ ക്രിമിനലുകള്‍ അഴിഞ്ഞാടിയപ്പോള്‍ അതിനെ രക്ഷാപ്രവര്‍ത്തനമെന്ന് ന്യായീകരിച്ച മുഖ്യമന്ത്രിയാണ് ക്രിമിനല്‍ സംഘങ്ങളെ അഴിഞ്ഞാടാന്‍ വിട്ടത്. ഇത്തരം അക്രമ സംഭവങ്ങളെ മുഖ്യമന്ത്രിയാണ് പ്രോത്സാഹിപ്പിക്കുന്നത്. കേരളത്തിന് അപമാനകരമായ രീതിയില്‍ വിദ്യാര്‍ത്ഥിക്കെതിരെ ആള്‍ക്കൂട്ട ആക്രമണം നടന്നിട്ടും മുഖ്യമന്ത്രി മിണ്ടാതിരിക്കുകയാണ്. വിദ്യാര്‍ത്ഥികളിലെ ഭീതി എല്ലാ കാമ്പസുകളിലേക്കും പടരുകയാണ്. അപകടകരമായ രീതിയിലേക്ക് കാമ്പസുകളെ മാറ്റുന്ന ക്രിമിനലുകളെ ഒതുക്കിയില്ലെങ്കില്‍ ശക്തമായ സമരം യു.ഡി.എഫും വിദ്യാര്‍ത്ഥി യുവജനസംഘടനകളും ആരംഭിക്കും. കേരളത്തിലെ കാമ്പസുകളെ ഈ ക്രിമിനലുകള്‍ക്ക് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.